തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കു‍ഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഉത്തരവ് പറയാൻ പോകുന്നത്. തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദം.

To advertise here,

ചലച്ചിത്രപ്രവർത്തകയോട്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി. വിശദമായ വാദമാണ് അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച നടന്നത്. 20 ദിവസം വൈകിയാണ് പരാതി പോലീസിനുമുന്നിലെത്തുന്നതെന്ന് പി.ടി. കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകൻ വാദിച്ചു. അതുകൊണ്ടുതന്നെ ഈ പരാതിയിൽ ഗൂഢാലോചനയുണ്ട്. തന്റെ കക്ഷിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ഉണ്ടാക്കിയ കേസാണിത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുറിയിലേക്ക് പരാതിക്കാരിയെ മാത്രമല്ല വിളിച്ചിരുന്നത്. വിദ്യാസമ്പന്നയാണ് പരാതിക്കാരി. എന്തുകൊണ്ടാണ് പെട്ടന്നുതന്നെ പരാതി നൽകാനുള്ള വിവേകം അവർക്കില്ലാതിരുന്നതെന്നും സംവിധായകന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം പ്രോസിക്യൂഷൻ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പി.ടി. കു‍ഞ്ഞുമുഹമ്മദിനെപ്പോലെ ഒരാളിൽനിന്നുണ്ടായ മോശം പെരുമാറ്റത്തിലുണ്ടായ ഷോക്കാണ് പരാതി നൽകാൻ വൈകിയതിനുള്ള കാരണം. ആ ഞെട്ടൽ മാറാൻതന്നെ ദിവസങ്ങളെടുത്തു. പരാതി നൽകുന്നത് സംബന്ധിച്ച് കുടുംബവുമായി അവർക്ക് ആലോചിക്കണമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുഞ്ഞുമുഹമ്മദിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞമാസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഐഎഫ്എഫ്കെയുടെ സെലക്ഷൻ സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടൽമുറിയിലേക്ക് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഇവർ ഇ-മെയിലിലൂടെ പരാതി നൽകിയത്. നവംബർ 27-ന് പരാതി നൽകിയെങ്കിലും ഡിസംബർ രണ്ടിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പോലീസിന് കൈമാറിയത്. തുടർന്ന് ദിവസങ്ങൾക്കുശേഷം ഡിസംബർ എട്ടിന് മാത്രമാണ് കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുക്കാൻ വൈകിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.