തിരുവനന്തപുരം: സംവിധായകയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ മുൻ എംഎൽഎയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യഹർജിയിൽ കോടതി ശനിയാഴ്ച വിധി പറയും. അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നാണ് പ്രതിഭാഗം പറയുന്നത്.

To advertise here,

സംഭവം നടന്ന് 21 ദിവസത്തിനു ശേഷമാണ് പരാതി നൽകിയത്. പരാതി നൽകിയത് പോലീസിനല്ല, മുഖ്യമന്ത്രിക്കാണ്. അതിൽനിന്നുതന്നെ ഗൂഢാലോചന നടന്നുവെന്ന കാര്യം വ്യക്തമാണ്. പരാതി നൽകിയ വ്യക്തി മുൻ ഡബ്ല്യുസിസി അംഗമാണെന്നും പ്രതിഭാഗം ഹർജിയിൽ പറഞ്ഞു. ലൈംഗികാതിക്രമം നടത്താൻ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ അവരെ തനിയെ മുറിയിലേക്കു ക്ഷണിക്കുമായിരുന്നു. മറ്റ് അംഗങ്ങൾകൂടിയുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് ആരോപണമെന്നും പി.ടി.കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകൻ വാദിച്ചു.

സംഭവത്തിനുശേഷം പരാതിക്കാരിക്ക്‌ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. കുടുംബാംഗങ്ങളോട് ആലോചിക്കാനും സമയമെടുത്തു. മുഖ്യമന്ത്രിക്കു പരാതി നൽകി എന്നതുകൊണ്ട് അത് രാഷ്ട്രീയപ്രേരിതമെന്നോ ഗൂഢാലോചനയെന്നോ കണക്കാക്കാനാകില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.

സംവിധായകയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി നേരത്തേ എടുത്തിരുന്നു. നവംബർ 27-ന് സംവിധായക മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.