ഗസ്റ്റ് 8 ഏറെ പ്രിയപ്പെട്ട ഒരു ദിവസമായിരുന്നു, 2023 വരെ. 08-08-08 തീയതി ആയിരുന്നു 'വെറുതെ ഒരു ഭാര്യ' എന്ന സിനിമ യാദൃഛികമായി റിലീസ് ചെയ്തത്. ആദ്യ ഷോ കാണുവാൻ ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച ഗുരുസ്ഥാനീയനായ സിദ്ദിഖ് ഇക്കയും ഒപ്പമുണ്ടായിരുന്നു. ആ ഡേറ്റിൻ്റെ പ്രത്യേകതയും എടുത്തുപറഞ്ഞതും അദ്ദേഹംതന്നെ ആയിരുന്നു. ആളുകൾ കുറവായിരുന്ന ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു, സ്ത്രീകൾ ഈ ചിത്രം ഏറ്റെടുക്കും, ആശ്വാസവാക്കുകളാണെന്ന് കരുതി ഞങ്ങൾ സമാധാനപ്പെട്ടു. പക്ഷേ അത് വളരെ സത്യസന്ധമായ വിലയിരുത്തൽ ആണെന്ന് പിന്നീട് ബോധ്യപ്പെട്ടു.

To advertise here,

അമ്പത് ദിവസവും നൂറ് ദിവസവും പിന്നിട്ട് നൂറ്റി ഇരുപത്തിയഞ്ചാംദിവസം വിപുലമായ ആഘോഷ ചടങ്ങുകളോടെ തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടക്കുന്നതിൻ്റെ തലേന്ന് തൃശൂരിൽ തന്നെ മാക്ടയുടെ ഗുരുവന്ദനം പ്രോഗ്രാം നടന്നിരുന്നു. ഞാനും തിരക്കഥാകൃത്തുമായി ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന സന്ദർഭം (കാരണം അപ്രസക്തമാണ്) ആഘോഷ ചടങ്ങ് ബഹിഷ്കരണം പ്രഖ്യാപിച്ച് ചിലർ, പ്രശസ്തരായ സിനിമ പ്രവർത്തകർക്കിടയിൽ ചർച്ച ചൂട് പിടിച്ചു. നിഷ്പക്ഷമായ നിലപാടിൽ ഉറച്ച ചുരുക്കംപേരിൽ സിദ്ദിക്കയുമുണ്ടായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു. മലയാള സിനിമ നൂറ് ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടുന്ന കാലം ഇതോടെ അവസാനിച്ചേക്കാം. അതുകൊണ്ട് ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക. ആത്മാർത്ഥമായ ആ വാക്കുകളിൽ വെറും തമാശ മാത്രമായിരുന്നില്ല. മൾട്ടിപ്ലെക്സ്, വൈഡ് റിലീസ് ഇതെല്ലാം വരും നാളുകളിൽ പുതിയ തലങ്ങളിലേക്ക് സിനിമയെ പറിച്ചുനടും എന്ന അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമായിരുന്നു. ഇന്ന് അമ്പത് കോടി ക്ലബ്ബ്, നൂറു കോടി ക്ലബ് എന്ന രീതിയിലാണ് ആഘോഷങ്ങൾ.

placeholder
സംവിധായകൻ സിദ്ദിഖ് | ഫോട്ടോ: ശ്രീജിത്ത് പി രാജ്\ മാതൃഭൂമി

സിനിമ എന്ന സ്വപ്നലോകത്തേക്ക് എന്നെ സ്വീകരിച്ചത് നിരവധി ജനപ്രിയ ചിത്രങ്ങൾ നിർമിച്ച വിന്ധ്യൻ ചേട്ടനാണ്. നാട്ടുകാരനായത് കൊണ്ടാണ് അങ്ങനെ ഒരു അവസരം ഒത്തത് എന്ന് പറയാനാവില്ല. സിനിമയെ സ്നേഹിക്കുന്ന ഒരാളെന്ന പരിഗണന മാത്രമായിരുന്നു അത്. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയുടെ കഥാകൃത്ത് സിദ്ദിക്കയായിരുന്നു. ആദ്യമായി പരിചയപ്പെടുന്നതും ആ സിനിമയുടെ സമയത്താണ്. പ്രവാസ ജീവിതത്തിലെ ലീവ് നാളുകൾ. തികച്ചും വ്യത്യസ്തമായ അനുഭവം. ജ്വലിച്ചു നിൽക്കുന്ന സമയത്ത് സിദ്ദിഖ് എന്ന സൂപ്പർ സംവിധായകൻ എന്നോട് പേര് ചോദിച്ചു, പറഞ്ഞ ഉടനെ ചേർത്ത് പിടിച്ച് എനിക്കും സലാവുദീൻ എന്ന ഒരു സഹോദരൻ ഉണ്ടെന്ന് പറഞ്ഞു. പിന്നീട് ഒരു സഹോദര പരിഗണന തന്നെ ആണ് എനിക്ക് കിട്ടിയിരുന്നത്. വ്യക്തിബന്ധം ആത്മബന്ധമായി മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിൻ്റെ ഉദാത്തമായ ഉദാഹരണമാണ് സിദ്ദിക്ക. നമ്മെ വെറുക്കുന്നവരുണ്ടാകാം, പക്ഷേ അവരെ നാം വെറുക്കാതിരിക്കുക എന്ന സന്ദേശം നമുക്ക് തന്നിട്ടുള്ള രണ്ട് പേർ ഒന്ന് ഉമ്മൻ ചാണ്ടി സാർ പിന്നെ സിദ്ദിക്ക. ഇവർ രണ്ടു പേരും തമ്മിൽ വിവരിക്കാനാവാത്ത ആത്മബന്ധം നിലനിന്നിരുന്നു. അത് കൊണ്ട് തന്നെ 11- 11 - 11 തീയതിയിൽ ആദ്യമായ് നൂറു കോടി ക്ലബിൽ കയറിയ സംവിധായകൻ എന്ന ബഹുമതി നൽകി ആദരിക്കാൻ തൃപ്രയാർ ഫെസ്റ്റ് സംഘടിപ്പിച്ചപ്പോൾ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാർ സമ്മതിച്ചത്. പക്ഷേ അവിചാരിതമായ സാഹചര്യത്തിൽ അന്ന് ഉമ്മൻ ചാണ്ടി സാറിന് നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല. വരാൻ കഴിയാത്തതിൽ അദ്ദേഹം ഖേദം അറിയിച്ചിരുന്നു.

വ്യക്തിപരമായി എൻ്റെ എല്ലാ സംരംഭങ്ങളിലും അമരക്കാനായി സിദ്ദിക്ക സുപ്രധാന തീയതികളിൽ എന്നോടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തിൽ കണ്ടിട്ടുള്ള മനുഷ്യസ്നേഹികളിൽ ഒന്നാമനായ അദ്ദേഹം ഇത്രയും തിരക്കിട്ട് വിടപറയുമെന്ന് ഇന്നും വിശ്വസിക്കാനായിട്ടില്ല. "ഉയരങ്ങളിൽ സിദ്ദിഖ്" എന്ന ശീർഷകത്തിൽ ഒരു വേദിയിൽ അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു. "ഉയരങ്ങളിൽ അല്ല മറിച്ച് ഉള്ളങ്ങളിൽ സിദ്ദിഖ്" എന്ന് കേൾക്കുവാൻ ആണെനിക്കിഷ്ടം. ഒരുമിച്ചുള്ള യാത്രകളിൽ ടി ദാമോദരൻ മാസ്റ്ററുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ പോയിരുന്ന ദിവസം സിദ്ദിക്ക പറഞ്ഞിരുന്നത് ഞാൻ ഓർക്കുന്നു. ഞങ്ങളെയൊക്കെ മരണശേഷവും ചിരിച്ച് കൊണ്ട് ആയിരിക്കും ജനങ്ങൾ കാണുക, മറിച്ച് ദാമോദരൻ മാഷേ പോലെയോ ലോഹിതദാസിനെ പോലെയൊ മഹാ പ്രതിഭകളായി അംഗീകരിക്കപ്പെടില്ല."

സത്യസന്ധമായ ഓരോ വാക്കിലും നർമ്മവും പുഞ്ചിരിതൂകുന്ന ചൈതന്യവും നിലച്ചത് 2023 ഓഗസ്റ്റ് എട്ടിന് ആണെന്നത് ഒരു പക്ഷേ ആ മഹാപ്രതിഭയെ മറക്കാതിരിക്കാൻ കൂടിയാകാം. ഒരു വർഷം ... ഓരോ ദിവസവും സിദ്ദിക്ക ഓർമ്മയിലുണ്ട് എന്നതാണ് സത്യം. എന്നെപോലെ അദ്ദേഹത്തെ സ്നേഹിക്കുന്നവർ ആയിരമായിരം. കാരണം സിദ്ദിക്കാടെ സ്നേഹം ആർക്കും പകരം വെക്കാൻ കഴിയാത്ത ഒന്നാണ്. ആത്മ ശാന്തി നേരുന്നു.