
മലയാളത്തിലെന്നപോലെ ബോളിവുഡ് സിനിമാ പ്രേമികൾക്കും സുപരിചിതനായ സംവിധായകനാണ് പ്രിയദർശൻ. അക്ഷയ് കുമാറുമൊത്ത് ഒരുപിടി മികച്ച ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. നിലവിൽ അക്ഷയ് കുമാറിനെ നായകനാക്കി ഭൂത് ബംഗ്ലാ എന്ന ചിത്രമൊരുക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ പുതിയൊരു ചിത്രത്തേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പ്രിയദർശൻ. തന്റെ സൂപ്പർ ഹിറ്റായ ഹേരാ ഫേരി എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തേക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
പ്രിയദർശന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹേരാ ഫേരി. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. തബുവായിരുന്നു നായിക. 2006-ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഫിർ ഹേരാ ഫേരി എന്ന പേരിൽ ഇറങ്ങി. ആദ്യഭാഗത്തിലെ മൂവർ സംഘംതന്നെയായിരുന്നു രണ്ടാം ഭാഗത്തിലും മുഖ്യവേഷങ്ങളിൽ. ഇവർ തന്നെയായിരിക്കും മൂന്നാം ഭാഗത്തിലും നായകന്മാരായെത്തുക.
പ്രിയദർശന് പിറന്നാളാശംസിച്ചുകൊണ്ട് അക്ഷയ് കുമാർ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന് നന്ദി പറയവേ ആണ് ഹേരാ ഫേരിയുടെ മൂന്നാംപതിപ്പ് ഇറക്കാൻ താൻ സന്നദ്ധനാണെന്ന് പ്രിയദർശൻ പറഞ്ഞത്.
"പ്രിയൻ സർ, ജന്മദിനാശംസകൾ! പ്രേതങ്ങൾ നിറഞ്ഞ ഒരു പ്രേത സെറ്റിൽ, ഒരു ദിവസം ചെലവഴിക്കുന്നതിനേക്കാൾ മികച്ച മറ്റെന്ത് ആഘോഷമാണുള്ളത്. ഒരു ഉപദേഷ്ടാവായിരിക്കുന്നതിനും കലാപങ്ങളെ ഒരു മാസ്റ്റർപീസ് പോലെ തോന്നിപ്പിക്കാനും കഴിയുന്ന ഒരേയൊരു വ്യക്തിയായതിനും നന്ദി. നിങ്ങളുടെ ദിവസം റീടേക്കുകളില്ലാതിരിക്കട്ടെ. വരാനിരിക്കുന്ന വർഷം നിങ്ങൾക്ക് ഒരു മികച്ച വർഷമായി ആശംസിക്കുന്നു!" അക്ഷയ് കുമാറിന്റെ വാക്കുകൾ.
ഇതിനുള്ള പ്രിയദർശന്റെ മറുപടി ഇങ്ങനെ: "നിങ്ങളുടെ ആശംസകൾക്ക് നന്ദിയുണ്ട്. ഇതിന് പകരമായി ഞാനൊരു സമ്മാനം തരാനാഗ്രഹിക്കുകയാണ്. ഹേരാ ഫേരി 3 ചെയ്യാൻ ഞാനൊരുക്കമാണ്. നിങ്ങൾ റെഡിയാണോ?" പോസ്റ്റിനൊപ്പം സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരെ മെൻഷൻ ചെയ്തിട്ടുമുണ്ട് അദ്ദേഹം.
ഭാഗം ഭാഗ് (2006) ഭൂൽ ഭൂലയ്യ (2007), ഖട്ടാ മീഠാ (2010) എന്നിവയാണ് പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ടിൽ ഇതിനുമുൻപ് ഇറങ്ങിയ ചിത്രങ്ങൾ.
Content Highlights: Priyadarshan confirms Hera Pheri 3 with Akshay Kumar, Suniel Shetty, and Paresh Rawal
Published: 30 Jan 2025, 08:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented