പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫയുടെ ആഗോള റിലീസ് തീയതി പുറത്ത്. ഓണം റിലീസായി ഓഗസ്റ്റ് 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

To advertise here,

മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലുമെത്തുന്നുണ്ട്. രണ്ടുഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാംഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും രണ്ടാംഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിജോ സെബാസ്റ്റ്യൻ ആണ് സഹനിർമാതാവ്.

മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചു മകനാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന മാമ്പറയ്ക്കൽ ആമിർ അലി. കഴിഞ്ഞ വർഷം, പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനമായ ഒക്ടോബർ 16-ന് റിലീസ് ചെയ്ത ഗ്ലിംപ്‌സ് വീഡിയോയിൽ, ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷങ്ങളിലൂടെയാണ് മാമ്പറയ്ക്കൽ അഹമ്മദ് അലി, മാമ്പറയ്ക്കൽ ആമിർ അലി എന്നീ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. സ്വർണകള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബജറ്റ് എന്റർടെയ്‌നർ ആണ് ഖലീഫ എന്ന സൂചനയാണ് വീഡിയോ നൽകിയത്. ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ.

മാസ് സ്‌റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾകൊണ്ടും ആക്ഷൻ രംഗങ്ങൾകൊണ്ടും സമ്പന്നമാണ്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈൻ. പോക്കിരി രാജയ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് ഒരുക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം- പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം: ജോമോൻ ടി. ജോൺ, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിങ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, കോ- ഡയറക്ടർ: സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്‌സ്: എം.ആർ. രാജാകൃഷ്ണൻ, മാർക്കറ്റിങ്: ബ്രിങ്‌ഫോർത്ത്, പിആർഒ: ശബരി, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി.ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്‌സ്: പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ്: സിനറ്റ് സേവ്യർ.