ഏത് അക്കാദമിയിലാണ് കാലാവധി കഴിഞ്ഞ ഉടനെതന്നെ തലപ്പത്തുനിന്ന് മാറ്റിയിട്ടുള്ളതെന്നും ഇതൊരു സ്വാഭാവിക നടപടിയായി തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. ഏത് അക്കാദമിയിലാണ് കാലാവധി കഴിഞ്ഞ ഉടനെതന്നെ തലപ്പത്തുനിന്ന് മാറ്റിയിട്ടുള്ളതെന്നും ഇതൊരു സ്വാഭാവിക നടപടിയായി തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത് സ്വാഭാവികമായ നടപടിയാണെന്ന് ആരും കരുതരുത്. അതൊരു സ്വാഭാവികമായ നടപടിയല്ലെന്നും പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
"എന്നെ പുറത്താക്കുന്നതിന് അഞ്ചാറുമാസം മുൻപ് ഡിസംബറിൽ കൊച്ചിയിൽ സാംസ്കാരികസംഗമം നടന്നിരുന്നു. കോടികൾ മുടക്കി, മനുഷ്യസ്നേഹവും മാനവികതയുമെല്ലാം മുദ്രാവാക്യമാക്കിയാണാ അന്താരാഷ്ട്ര സംഗമം സംഘടിപ്പിച്ചത്. അതിന്റെ ആലോചനായോഗം സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം എം.എ. ബേബി സാംസ്കാരിക മന്ത്രിയുടെ സാന്നിധ്യത്തിൽ മാസ്കറ്റ് ഹോട്ടലിൽ നടന്നിരുന്നു.
എല്ലാവരും വളരെ സൗഹാർദപരമായി അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുമ്പോൾ ഞാൻ പറഞ്ഞു, സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തുന്ന പാവപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എ. ബേബി ഇടപെടണമെന്ന്. ഇല്ലെങ്കിൽ സർക്കാരിനത് ദോഷം ചെയ്യുമെന്നും വളരെ പോസിറ്റീവായിട്ടാണ് ഞാൻ പറഞ്ഞത്. അല്ലാതെ അത് സർക്കാരിനെതിരെയുള്ള വിമർശനമൊന്നുമല്ല. അന്ന് അവിടെ എല്ലാവരും അതിനോട് പോസിറ്റീവായിത്തന്നെയാണ് പ്രതികരിച്ചത്.
ഞാൻ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒരു പൊതുവേദിയിൽ പ്രസംഗിച്ചതല്ല. പക്ഷേ അവിടെയുണ്ടായിരുന്ന എന്റെ സഹപ്രവർത്തകർ തന്നെയായ ആരോ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു. ആശാ സമരം പരിഹരിക്കണമെന്ന് പ്രേംകുമാർ ധാർമികരോഷം പ്രകടിപ്പിച്ചെന്ന് പിറ്റേന്ന് വാർത്തകൾ വന്നു. മനുഷ്യപക്ഷത്തുനിൽക്കുന്ന കലാകാരനാണ് ഞാൻ. അതുകൊണ്ടുതന്നെ എന്റെ ഏറ്റവും വലിയ പ്രതിബദ്ധത മനുഷ്യരോടാണ്. അതുകൊണ്ടാണ് ഒരു പരസ്യചിത്രത്തിൽപ്പോലും ഞാൻ അഭിനയിക്കാത്തത്.
ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ സെക്രട്ടേറിയറ്റിനുമുന്നിൽ ആശാ സമരമെന്നല്ല, ഒരു സമരവും നടക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ജനാധിപത്യസംവിധാനത്തിൽ സമരങ്ങളുണ്ടാകും. പക്ഷേ അങ്ങനെയുണ്ടായാൽ അതിലിടപെട്ട് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാനുള്ള ആർജവം കാണിക്കണം.
സമരം ചെയ്യുന്നവരെ പലരും രാഷ്ട്രീയമായി ഉപയോഗിച്ചിട്ടുണ്ടാവും എന്നത് മറ്റൊരു കാര്യം. അതെല്ലാം പൊതുസമൂഹത്തെ കൃത്യമായി ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ. പോസിറ്റീവായി ഞാൻ പറഞ്ഞ ആ കാര്യം മാത്രമാണ് എന്റെ പുറത്താക്കലുമായി ബന്ധപ്പെട്ട് അവർക്ക് പറയാനുള്ളത്. അത് സ്വാഭാവിക നടപടിയാണ് എന്നാരും വിശ്വസിക്കരുത്. അതൊരു സ്വാഭാവിക നടപടിയല്ല." പ്രേംകുമാറിന്റെ വാക്കുകൾ.
Content Highlights: Actor Prem Kumar speaks out against the government, calling his removal from the Film Academy chairmanship an unnatural
Published: 15 Feb 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented