ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന അറിയില്ലെന്ന് നടൻ പ്രകാശ് രാജ്. കേസിലെ പ്രതി ചിന്നയ്യയുമായി ഒരിക്കൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ചിന്നയ്യ ഫോണിൽ വിളിച്ച് നേരിട്ടു കാണണമെന്ന് പറഞ്ഞുവെങ്കിലും താൻ തയ്യാറായില്ല. വെളിപ്പെടുത്താനുള്ള കാര്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തോട് (എസ്.ഐ.ടി.) പറയാൻ നിർദേശിച്ചുവെന്നും പ്രകാശ് രാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.

To advertise here,

ചിന്നയ്യ ഫോൺ വിളിച്ചത് എസ്.ഐ.ടി. തലവൻ പ്രണവ് മൊഹന്തിയെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിച്ചപ്പോൾ ചിന്നയ്യ പറയുന്നത് കളവാണെന്നും ഇയാളിൽനിന്ന് അകലം പാലിക്കണമെന്നും എസ്.ഐ.ടി. അറിയിച്ചു. അത് താൻ അനുസരിച്ചുവെന്നും ഒരിക്കലും ധർമസ്ഥലയിൽ പോയിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

ചിന്നയ്യയ്ക്ക് സംസാരിക്കണമെന്ന് സാമൂഹികപ്രവർത്തകൻ ഗിരീഷ് മട്ടന്നവരാണ് അറിയിച്ചത്. ഇത് പ്രകാരം ചിന്നയ്യ വിളിച്ചു. ഒട്ടേറെ സത്യം പുറത്തു പറയാനുണ്ടെന്നും എന്നാൽ ജീവനു ഭീഷണിയുണ്ടെന്നും പറഞ്ഞു. സത്യങ്ങൾ തുറന്നു പറഞ്ഞാൽ എല്ലാവരും ഒപ്പം നിൽക്കുമെന്നും താനും പിന്തുണയ്ക്കുമെന്നും പറഞ്ഞു. തമിഴിലാണു സംസാരിച്ചത്. കൂടുതൽ സംസാരിക്കുന്നതിനു പകരം ശബ്ദസന്ദേശം അയക്കാൻ നിർദേശിച്ചു. ഇത് എസ്.ഐ.ടി. തലവന് അയച്ചു കൊടുത്തിട്ടുണ്ട്.

വെളിപ്പെടുത്തലിനു പിന്നിൽ നടന്ന ഗൂഢാലോചനയെക്കുറിച്ചും ഇതിനായി 200 കോടി രൂപ കേരളത്തിൽനിന്ന് എത്തിയെന്ന ആരോപണത്തെക്കുറിച്ചും അറിയില്ല. ധർമസ്ഥല വെളിപ്പെടുത്തലുമായി തനിക്ക് ഇതിൽ കൂടുതൽ ബന്ധമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ക്ഷേത്രനഗരമായ ധർമസ്ഥലയുടെ പരിപാവനത ഇല്ലാതാക്കാൻ വ്യാജ ആരോപണം ഉന്നയിക്കാൻ പ്രകാശ് രാജ്, ഗിരീഷ് മട്ടന്നവർ അടക്കമുള്ളവർ നിർബന്ധിച്ചുവെന്നാണ് കഴിഞ്ഞ ആഴ്ച കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചിന്നയ്യ ആരോപിച്ചത്.