ചെന്നൈ: ഈ വരുന്ന പൊങ്കലിന് തമിഴ് സിനിമാ ലോകത്ത് നടക്കാൻ പോകുന്നത് 'വൻയുദ്ധം'. വിജയ് നായകനാകുന്ന ജനനായകനും ശിവകാർത്തികേയൻ നായകനാകുന്ന പരാശക്തിയുമാണ് നേർക്കുനേർ കൊമ്പുകോർക്കുക. ജനനായകന്റെ റിലീസിന് തൊട്ടടുത്തദിവസം തന്നെ പരാശക്തിയും റിലീസ് ചെയ്യുന്നതിൽ വിജയ് ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. പരാശക്തിയുടെ റിലീസ് നേരത്തേ ആക്കിയതിനുപിന്നിൽ ഡിഎംകെയാണെന്നും അവർ ആരോപിക്കുന്നു.

To advertise here,

പൂർണമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനുമുൻപ് വിജയ് നായകനായി എത്തുന്ന അവസാനചിത്രമാണ് ജനനായകൻ. ചിത്രം 2026 ജനുവരി ഒൻപതിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. ഇതിനിടയിൽ ജനുവരി 14ന് റിലീസ് നിശ്ചയിച്ചിരുന്ന പരാശക്തി ജനുവരി 10ലേക്ക് മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞദിവസം വന്നു. വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും സമ്മർദം കാരണം പരാശക്തിയുടെ റിലീസ് 10-ാം തിയതിയിലേക്ക് മാറ്റുന്നു എന്നാണ് നിർമാതാക്കൾ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

ശിവകാർത്തിയേകന്റെ ഇരുപത്തഞ്ചാമത്തെ സിനിമയാണ് പരാശക്തി. ഈ സിനിമയുടെ നിർമാതാവ് കരുണാനിധിയുടെ കുടുംബാഗമായ ആകാശ് ഭാസ്കർ ആണ്. അവരുടെ ഡോൺ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. വിതരണം ചെയ്യുന്നതാകട്ടെ ഡിഎംകെ നേതാവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയ നിധി സ്റ്റാലിന്റെ മകൻ ഇൻമ്പ നിധിയുടെ നേതൃത്വത്തിലുള്ള റെഡ് ജയൻ മൂവീസും. ഭരണകക്ഷിയായ ഡിഎംകെയുടെ ഇടപെടലാണ് പരാശക്തിയുടെ റിലീസ് നേരത്തെയാക്കിയതിനുപിന്നിലെന്ന് വിജയ് ആരാധകർ ആരോപിക്കുന്നതിന്റെ കാരണം ഇതാണ്.

'ഡിഎംകെ നീച ശക്തികളാണെ'ന്ന വിജയിയുടെ വിമർശനം തമിഴ്നാട് രാഷ്ട്രീയത്തിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് പരാശക്തി റിലീസ് നേരത്തേയാക്കിയത്. ഇത് വിജയ്ചിത്രത്തിന്റെ തിയേറ്ററുകളുടെ എണ്ണം കുറക്കാനാണെന്നാണ് ആക്ഷേപം. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള സിനിമാ റിലീസുകളുടെയും ഓഡിയോ ലോഞ്ചിന്റെയും സമയത്ത് പലതരത്തിലുള്ള തടസങ്ങൾ ഡിഎംകെ ഉയർത്തിയിരുന്നു. അതിന്റെ തുടർച്ചയാണിതെന്ന് പറയുന്നവരും ധാരാളമാണ്.

അതിനിടെ ശിവ കാർത്തികേയനെതിരെ വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ശിവ കാർത്തികേയൻ വിജയ്‌യോട് നന്ദികേട് കാണിച്ചെന്ന ആക്ഷേപവും വിജയ് ആരാധകർ ഉന്നയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ശിവകാർത്തികേയനേയും പരാശക്തി സിനിമയേയും ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യൽ മീഡിയാ ക്യാമ്പെയ്നും നടക്കുന്നുണ്ട്.

1960കളിൽ തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോപവുമായി ബന്ധപ്പെട്ട രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണ് പരാശക്തി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രവി മോഹൻ, അഥർവ മുരളി, ശ്രീലീല എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. എച്ച്. വിനോദാണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡേ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, മാമിതാ ബൈജു എന്നിവരും ചിത്രത്തിലുണ്ട്.