മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാത്തിരിപ്പുകളിൽ ഒന്നായ പേട്രിയറ്റിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും മാതൃഭൂമി ന്യൂസിൽ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാള സിനിമയെ ആഗോളതലത്തിൽ മറ്റൊരു നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.

To advertise here,

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിൽ ലാലേട്ടനെ അഭിനയിപ്പിക്കാമെന്ന നിർദ്ദേശം മമ്മൂട്ടിയുടേതായിരുന്നു. അന്യഭാഷകളിൽ നിന്ന് വലിയ പേരുകൾ കൊണ്ടുവരുന്നതിന് പകരം നമ്മുടെ തന്നെ പ്രതിഭകളെ ഉപയോഗിക്കണം എന്നതായിരുന്നു തന്റെ ചിന്തയെന്ന് അദ്ദേഹം വിശദീകരിച്ചു. മലയാളത്തിലെ തന്നെ ഇത്രയും വലിയ താരങ്ങൾ ഒത്തുചേരുന്നത് സിനിമയുടെ മാറ്റുകൂട്ടുമെന്നും അദ്ദേഹം പങ്കുവെച്ചു.

പേട്രിയറ്റ് എന്ന സിനിമയിലെ കഥാപാത്രങ്ങൾ തമ്മിൽ വൈകാരികമായി വലിയ ബന്ധമുണ്ടെന്നും ആ സൗഹൃദം സിനിമയിൽ അത്രത്തോളം ആഴത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. പ്രേക്ഷകർക്ക് സിനിമ കാണുമ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പഴക്കവും കൃത്യമായി അനുഭവപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.

മോഹൻലാലിനെ രക്ഷിക്കാൻ മമ്മൂട്ടി എത്തുന്ന നരസിംഹത്തിലെ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രവുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം ഓർമ്മിച്ചു. നരസിംഹത്തിലേത് ഒരു പ്രാവശ്യം മാത്രം വന്നുപോകുന്ന സൗഹൃദമാണെങ്കിൽ, പേട്രിയറ്റിൽ അത് സിനിമയിലുടനീളം മയങ്ങിക്കിടക്കുന്ന, വളരെ ഡീപ്പായ ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹേഷ് നാരായണൻ ജോണറായ പൊളിറ്റിക്കൽ ത്രില്ലറായിരിക്കുമോ ചിത്രമെന്ന ചോദ്യത്തിന് ചിത്രം കേവലം രാഷ്ട്രീയമല്ല സംസാരിക്കുന്നതെന്നും സാങ്കേതികവിദ്യയുടെ ദുരുപയോഗം തെറ്റായ കൈകളിൽ എത്തിയാൽ എന്ത് സംഭവിക്കാം എന്ന വലിയ ആശങ്കയാണ് സിനിമ പങ്കുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. "നടന്നതല്ല, നടക്കുന്നതല്ല, നടക്കരുതാത്തതാണ്" ഈ സിനിമ സംസാരിക്കുന്നതെന്ന താരത്തിന്റെ വാക്കുകൾ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ഫോൺ എന്ന ഉപകരണം സിനിമയിൽ ഒരു ടൂൾ ആയി വരുന്നുണ്ടെന്നും ടെക്നോളജിയുടെ അപകടകരമായ വശങ്ങൾ ഇതിൽ ചർച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പം അഭിനയിക്കുമ്പോൾ ഡയലോഗ് മോഡുലേഷനിലും സ്പീഡിലും മമ്മൂക്ക തനിക്ക് വേണ്ട തിരുത്തലുകൾ നൽകിയിരുന്നതായും കുഞ്ചാക്കോ  ഓർത്തെടുത്തു.

വിചാരിച്ച രീതിയിൽ വിജയം കണ്ടാൽ മലയാള സിനിമയുടെ കഥ തന്നെ മാറുമെന്ന പ്രതീക്ഷയും മമ്മൂട്ടി പങ്കുവെച്ചു. നയന്താര, രേവതി, ദർശന, ഗ്രേസ് ആന്റണി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രം മേയ് ഒന്നിനാണ് പ്രദർശനത്തിനെത്തുന്നത്. സിനിമയിലെ ഓരോ കഥാപാത്രവും സ്ട്രോങ്ങാണെന്നും ഇരുവരും അഭിമുഖത്തിൽ പറഞ്ഞു.