ഇന്‍സ്റ്റഗ്രാമിലൂടെ ഫോളോവര്‍മാരുമായി സംവദിക്കവെ കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിനെ ഓര്‍മിച്ച് പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തരവേളയില്‍ പുനീത് രാജ്കുമാറിനെക്കുറിച്ച് പറയാന്‍ ഒരാള്‍ ആവശ്യപ്പെട്ടപ്പോള്‍ ആണ് നടി പുനീതിനെക്കുറിച്ച് സംസാരിച്ചത്.

To advertise here,

അദ്ദേഹം അതുല്യ പ്രതിഭയായിരുന്നെന്നും അദ്ദേഹത്തോടൊപ്പം രണ്ട് നല്ല സിനിമകള്‍ ചെയ്യാനായെന്നും പാര്‍വതി മറുപടിയായി കുറിച്ചു. പുനീത് രാജ്കുമാറിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പാര്‍വതി മറുപടി കുറിച്ചത്.

2021 ഒക്ടോബര്‍ 29-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. മിലാന, പൃഥ്വി എന്നീ ചിത്രങ്ങളില്‍ പാര്‍വതി പുനീതിനൊപ്പം അഭിനയിച്ചിരുന്നു. തനിക്ക് 18-19 വയസ്സുള്ളപ്പോഴാണ് പൂനീതിനെ താന്‍ കണ്ടതെന്നും സിനിമയ്ക്കായി കന്നഡയില്‍ സംഭാഷണങ്ങള്‍ പറയാന്‍ അദ്ദേഹം തന്നെ സഹായിച്ചിരുന്നുവെന്നും ഷൂട്ടിങ് വേളകളില്‍ വളരെ സരളമായി സംസാരിക്കുകയും ഒരുപാട് തമാശകള്‍ പറയുകയും ചെയ്യുമായിരുന്നെന്നും മുമ്പ് പാര്‍വതി പറഞ്ഞിരുന്നു.

നടിയുടെ സോഷ്യല്‍മീഡിയ ഉപയോഗത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു.

സോഷ്യല്‍മീഡിയില്‍ സജീവമായ താരം എങ്ങനെയാണ് തന്നെ അത് മോശമായി ബാധിക്കാതെ ഉപയോഗിക്കുന്നതെന്ന ചോദ്യത്തോട്, ഇന്‍സ്റ്റഗ്രാം മാത്രമാണ് താന്‍ ധാരാളമായി ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരേയൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എന്ന് പാര്‍വതി പറഞ്ഞു.

'ആളുകളെ ബന്ധപ്പെടാനും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ഞാന്‍ അത് ഉപയോഗിക്കുന്നു. ഡൂംസ്‌ക്രോളിങ് എന്ന പ്രശ്‌നം എന്നെയും ബാധിച്ചിട്ടുണ്ട്. പക്ഷേ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫോണ്‍ ഉപയോഗിക്കാന്‍ കൃത്യമായ സമയപരിധി വെക്കുന്നതും 'നോ ഫോണ്‍' സോണുകളും എന്നെ സഹായിക്കാറുണ്ട്, പാര്‍വതി കൂട്ടിച്ചേര്‍ത്തു.

മോശം മാനസികാവസ്ഥകളില്‍നിന്ന് പുറത്തുകടക്കാന്‍ എന്താണ് ചെയ്യാറുള്ളത് എന്ന ചോദ്യത്തോട്, വികാരങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ടെങ്കിലും, അവ ജീവിതത്തെ നിര്‍വചിക്കുന്നവയല്ലെന്ന് താന്‍ സ്വയം ഓര്‍മിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അത് നമ്മളെ പലതും പഠിപ്പിച്ച് കടന്നുപോകും എന്നതിനാല്‍ ആ വികാരത്തെ അതേപടി ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി കുറിച്ചു.

പ്രായോഗികമായ കാരണങ്ങളാല്‍ ഹാര്‍ട്ട് ബ്രേക്ക് സംഭവിക്കുമ്പോള്‍ എങ്ങനെ താദാത്മ്യം പാലിക്കാം എന്ന മറ്റൊരാളുടെ ചോദ്യത്തിനും താരം മറുപടി നല്‍കി. നന്നായി സ്‌നേഹിച്ചതുകൊണ്ടാണ് ഹൃദയം തകരുന്നത്. ദുഃഖം എന്നത് എങ്ങോട്ടും പോകാനിടമില്ലാത്ത ആ സ്‌നേഹം മാത്രമാണ്. അതുകൊണ്ട്, ആ സ്‌നേഹത്തോട് സൗമ്യമായി സംസാരിക്കുക, അതിന് ആവശ്യമുള്ളത്രയും കാലം നിങ്ങളില്‍ നിലനില്‍ക്കാന്‍ അതിനെ അനുവദിക്കുക. ഈ സ്‌നേഹം അല്ലെങ്കില്‍ ദുഃഖം നിങ്ങളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും. നിങ്ങള്‍ അതിന് സമയം കൊടുക്കുകയും തിടുക്കം കാണിക്കാതിരിക്കുകയും ചെയ്താല്‍ കാലക്രമേണ അത് സ്വയം രൂപാന്തരപ്പെടും. സ്‌നേഹം അതിജീവനശേഷിയുള്ള ഒരു വലിയ ഊര്‍ജമാണ്. അതിന് സമയം നല്‍കുക, എന്നാണ് പാര്‍വതി പ്രതികരിച്ചത്.