
മികവുറ്റതും വ്യത്യസ്തമായതുമായ ഒരുപിടി ചിത്രങ്ങളാണ് തമിഴിൽ ഈ വർഷം ഒരുങ്ങുന്നത്. അക്കൂട്ടത്തിൽ രണ്ട് ചിത്രങ്ങളുടെ നിർമാതാക്കൾ തമ്മിൽ ചെറിയൊരു തർക്കം ഉടലെടുത്തിരിക്കുകയാണ്. രണ്ടുചിത്രങ്ങൾക്കും ഒരേ പേരാണ് എന്നതാണ് തർക്കത്തിന് കാരണം. അടുത്തടുത്ത ദിവസങ്ങളിലായാണ് ചിത്രങ്ങളുടെ ടൈറ്റിൽ പ്രഖ്യാപനം നടന്നതും.
പരാശക്തി എന്നാണ് രണ്ട് ചിത്രങ്ങളുടേയും പേര്. ഒരു ചിത്രത്തിലെ നായകൻ ശിവ കാർത്തികേയനും മറ്റേതിൽ വിജയ് ആന്റണിയും. സൂററൈ പോട്ര്, സർഫിറ എന്നീ ചിത്രങ്ങൾക്കുശേഷം സുധ കൊങ്കര സംവിധാനംചെയ്യുന്ന ചിത്രമാണ് ശിവകാർത്തികേയൻ നായകനാവുന്ന പരാശക്തി. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങിയതിനുപിന്നാലെ വിജയ് ആന്റണി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കത്താണ് ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണം.
വിജയ് ആന്റണി നിർമിച്ച് അരുൺ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ശക്തി തിരുമകൻ. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേരാണ് പരാശക്തി. 2024 ജൂലായ് 22-ന് പരാശക്തി എന്ന പേര് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിൽ താൻ രജിസ്റ്റർ ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന രേഖയാണ് വിജയ് ആന്റണി പുറത്തുവിട്ടത്.
എന്നാൽ ഇതിനുപിന്നാലെ പരാശക്തി എന്ന പേര് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖ ശിവ കാർത്തികേയൻ ചിത്രത്തിന്റെ നിർമാതാവ് ആകാശ് ഭാസ്കരൻ പുറത്തുവിട്ടു. ഇതിനൊപ്പം തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ ചിത്രത്തിന്റെ ടൈറ്റിൽ രജിസ്റ്റർ ചെയ്ത രേഖയും ആകാശ് പുറത്തുവിട്ടു. ഈ ചിത്രത്തിന്റെയും ഇതിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റേയും പേര് പരാശക്തി എന്നാണെന്ന് വ്യക്തമാക്കുന്നതാണ് രേഖ. ഈ മാസം 11ആണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി.
എ.വി.എം പ്രൊഡക്ഷൻ നിർമിച്ച് ശിവാജി ഗണേശൻ നായകനായെത്തി 1952-ൽ പരാശക്തി എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. തങ്ങളുടെ ചിത്രത്തിന്റെ പേരുപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് എം.വി.എം അറിയിച്ചിരുന്നു. ഈ കത്തും പുറത്തുവന്നിട്ടുണ്ട്.
പേരിനെച്ചൊല്ലി തർക്കമുള്ള ചിത്രങ്ങളുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇരുചിത്രങ്ങളുടേയും നിർമാതാക്കൾ കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരം ഉടൻ നടത്തിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Vijay Antony and producer of Sivakarthikeyan's film are fighting over the title
Published: 30 Jan 2025, 05:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented