തിഹാസ ഗായിക ആശാ ഭോസ്‌ലേയുടെ വിയോഗത്തിൽ ആദരമർപ്പിച്ചതിന് പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലിനെതിരെ പാക് മാധ്യമ നിയന്ത്രണ അതോറിറ്റി (PEMRA) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 'ജിയോ ന്യൂസി'നെതിരെയാണ് നടപടി. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ പ്രിയഗായികയ്ക്ക് അന്ത്യോപചാരം അർപ്പിക്കുമ്പോൾ, ജിയോ ന്യൂസിനെതിരെ പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നടപടിയെടുത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

To advertise here,

ഇന്ത്യൻ ഉള്ളടക്കങ്ങൾ ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ പാകിസ്താൻ സുപ്രീം കോടതി ഏർപ്പെടുത്തിയ നിരോധനം ലംഘിച്ചു എന്നതാണ് ജിയോ ന്യൂസ് ചാനലിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. ഇന്ത്യൻ ഉള്ളടക്കങ്ങൾ പാകിസ്താന്റെ പ്രാദേശിക സംസ്‌കാരത്തെ തകർക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 2018-ലാണ് പാക് സുപ്രീം കോടതി ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയത്. ആശാ ഭോസ്‌ലേയെക്കുറിച്ചുള്ള വാർത്തകൾ നൽകിയതിലൂടെ കോടതി ഉത്തരവ് ചാനൽ മനഃപൂർവ്വം ലംഘിച്ചുവെന്നാണ് അധികൃതരുടെ വാദം.

പാക് മാധ്യമ നിയന്ത്രണ അതോറിറ്റിയുടെ നടപടിയെ ജിയോ ന്യൂസ് ഉർദു മാനേജിംഗ് ഡയറക്ടർ അസർ അബ്ബാസ് ശക്തമായി അപലപിച്ചു. കലയും കലാകാരന്മാരും ഒരിക്കലും യുദ്ധങ്ങളുടെയും രാഷ്ട്രീയ സംഘർഷങ്ങളുടെയും ഇരകളാകാൻ പാടില്ലെന്ന് അദ്ദേഹം 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഒരു ഇതിഹാസ കലാകാരിയുടെ വിയോഗം റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ കലാജീവിതത്തെക്കുറിച്ച് പരാമർശിക്കുന്നത് സ്വാഭാവികമാണ്. ആശാ ഭോസ്‌ലേയെപ്പോലുള്ള ഒരു കലാകാരിക്ക് അർഹിച്ചതിലും കുറഞ്ഞ ആദരമേ തങ്ങൾക്ക് നൽകാനായുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ആശാ ഭോസ്‌ലേയ്ക്ക് പാകിസ്താനിലെ കലാകാരന്മാരുമായുണ്ടായിരുന്ന ഊഷ്മളമായ ബന്ധവും അബ്ബാസ് എടുത്തുപറഞ്ഞു. പാകിസ്താൻ ഗായിക നൂർജഹാനെ ആശാ ഭോസ്‌ലേ തന്റെ 'മൂത്ത സഹോദരി'യെപ്പോലെയാണ് കരുതിയിരുന്നത്. കൂടാതെ നുസ്‌റത്ത് ഫത്തേ അലി ഖാൻ പോലുള്ള പ്രശസ്തരായ പാക് ഗായകരോടൊപ്പം സഹകരിക്കുകയും നസീർ കാസ്മിയെപ്പോലെയുള്ള ഉർദു കവികളുടെ രചനകൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട് അവർ. ആശാ ഭോസ്‌ലേയുടെ കല അതിർത്തികൾക്ക് അപ്പുറമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ 92-ാം വയസ്സിലാണ് ആശാ ഭോസ്‌ലെ അന്തരിച്ചത്. തിങ്കളാഴ്ച മുംബൈയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ആശാ ഭോസ്‌ലേയുടെ സംസ്കാരം നടന്നത്. ശിവാജി പാർക്ക് ശ്മശാനത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളും ആയിരക്കണക്കിന് ആരാധകരും പങ്കെടുത്തു. മകൻ ആനന്ദ് ഭോസ്‌ലേ ചിതയ്ക്ക് തീ കൊളുത്തി അന്ത്യകർമങ്ങൾ നിർവ്വഹിച്ചു.