ബെറ്റിങ് ആപ്പ് പ്രൊമോഷൻ കേസിൽ നടി നിധി അഗർവാൾ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈദരാബാദിലെ ഇ.ഡി. ഓഫീസിലാണ് താരം എത്തിയത്.

To advertise here,

ബുധനാഴ്ച മാസ്‌ക് ധരിച്ചാണ് നിധി അഗർവാൾ ഹൈദരാബാദിലെ ഓഫീസിലെത്തിയത്. കനത്ത പോലീസ് സുരക്ഷയിലാണ് നടിയെ ഓഫീസിലേക്ക് കൊണ്ടുപോയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താരം തയ്യാറായില്ല.

നേരത്തെ ഇതേ കേസിൽ ഹൈദരാബാദിലെ സി.ഐ.ഡിക്ക് മുന്നിലും താരം ഹാജരായിരുന്നു. മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമാണ് നടിയെ ഇ.ഡി. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്.

അനധികൃത ബെറ്റിങ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 21 പ്രമുഖർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരം ആപ്പുകൾ പ്രൊമോട്ട് ചെയ്തതിന് റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങിയ പ്രമുഖ താരങ്ങൾക്കും ഇൻഫ്‌ലുവൻസർമാർക്കുമെതിരെ കഴിഞ്ഞ വർഷം തെലങ്കാന പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു.

വ്യവസായി പി.എം. ഫണിന്ദ്ര ശർമ നൽകിയ പരാതിയിലാണ് ഹൈദരാബാദിലെ മിയാപൂർ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സെലിബ്രിറ്റികളുടെ പ്രചാരണത്തിൽ ആകൃഷ്ടരായി നിരവധി യുവാക്കൾ ഇത്തരം ആപ്പുകളിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടുവെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. 1867-ലെ പബ്ലിക് ഗാംബ്ലിങ് ആക്ടിന്റെ ലംഘനമാണ് പ്രൊമോഷനുകളെന്നും പരാതിയിൽ പറയുന്നു.