ദാദി കി ഷാദി എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് ബോളിവുഡ് നടി നീതു കപൂർ. ഇപ്പോഴിതാ മക്കൾക്ക് വിവാഹശേഷം സ്വകാര്യത നൽകേണ്ടതിനേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നീതു. മകനും നടനുമായ രൺബീർ കപൂറും മകന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ടും താനും ഒരേ വീട്ടിലാണ് താമസമെങ്കിലും അവരുടെ കാര്യങ്ങളിൽ താൻ ഇടപെടാറില്ലെന്ന് പറയുകയാണ് നീതു കപൂർ. 

To advertise here,

മക്കൾ വിവാഹിതരായാൽ അവരെ അവരുടെ വഴിക്കുവിടണമെന്ന് കരുതുന്നയാളാണ് താനെന്ന് നീതു പറയുന്നു. രൺബീറിനും ആലിയയ്ക്കുമൊപ്പം അതേ വീട്ടിലാണ് താനും താമസിക്കുന്നത്. എന്നുകരുതി തനിക്ക് തോന്നുമ്പോഴെല്ലാം അവരുടെ അടുത്തേക്ക് പോവാറില്ല. അവരുടേതായ ഇടം നൽകണമെന്ന് കരുതുന്നയാളാണ് താൻ.

അമ്മ എപ്പോഴും ഇവിടെയാണല്ലോ എന്ന തോന്നൽ അവർക്കുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുടെ സ്വകാര്യത അവരുടേതുമാത്രമാണ്. ഞാനതിൽ ഇടപെടില്ല. റാഹ അവൾക്ക് സമയംകിട്ടുമ്പോഴെല്ലാം എന്റെ അടുത്തേക്ക് വരും. പറയാതെ ഞാനൊരിക്കലും അങ്ങോട്ടു പോവാറില്ല- നീതു പറയുന്നു.

മകൾ റിദ്ധിമ വിവാഹിതയായ സമയത്ത് ഭർത്താവും നടനുമായ റിഷി കപൂറിനോടും അവരുടെ ഇടം വിട്ടുനൽകണമെന്ന് പറഞ്ഞിരുന്നുവെന്ന് നീതു പറയുന്നു. ഇടയ്ക്കിടെ മകളെ വിളിച്ചുകൊണ്ടിരിക്കുന്നതെന്ന് താൻ പറയും. എല്ലാ ദിവസവും മകളെ വിളിക്കേണ്ട, അവളെ അവളുടെ വഴിക്ക് വിടണമെന്ന് പറയും. പക്ഷേ തനിക്ക് തോന്നുമ്പോഴൊക്കെ മകളെ വിളിക്കുമെന്നാണ് റിഷി പറഞ്ഞിരുന്നത്. വല്ലപ്പോഴും വിളിക്കുന്നതിൽ തെറ്റില്ല, പക്ഷേ എല്ലായ്പ്പോഴും വിളിക്കരുതെന്നാണ് താൻ പറഞ്ഞിരുന്നതെന്നും നീതു പറയുന്നു.

2025 നവംബറിലാണ് രൺബീറും ആലിയയും മകൾ റാഹയ്ക്കും നീതു കപൂറിനുമൊപ്പം മുംബൈയിലെ പാലി ഹില്ലിലുള്ള വീട്ടിലേക്ക് താമസം മാറിയത്.