ഋഷി കപൂറിന്റെ ഓര്‍മകളില്‍ വികാരാധീനയായി നീതു കപൂര്‍. ഇന്ത്യന്‍ ഐഡളില്‍  അതിഥിതാരമായി എത്തിയതായിരുന്നു നീതു കപൂര്‍. നീതുവും ഋഷിയും ഒരുമിച്ചഭിനയിച്ച ഒരു ഗാനം മത്സരാര്‍ഥികളിലൊരാള്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ വികാരാധീനയായ നീതു തങ്ങളുടെ പ്രണയകഥയും പങ്കുവച്ചു. 

To advertise here,

ഖേല്‍ ഖേല്‍ മേം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി വിവാഹത്തിന് മുന്‍പും ശേഷവും പന്ത്രണ്ട് സിനിമകളിലാണ് ഇവര്‍ ഒരുമിച്ചഭിനയിച്ചത്. കൗമാരപ്രായത്തിലാണ് നീതു സിനിമയിലെത്തിയത്. തുടക്കത്തില്‍ രാജ് കുമാറിന്റെ മകന്‍ എന്ന മേല്‍വിലാസത്തില്‍ സിനിമയിലെത്തിയ ഋഷിയോട് മിണ്ടാന്‍ തന്നെ നീതുവിന് ഭയമായിരുന്നു. എന്നാല്‍ സംസാരപ്രിയനായിരുന്ന ഋഷി എല്ലാവരോടും പെട്ടന്ന് അടുക്കുന്ന പ്രകൃതമായതിനാല്‍  നീതുവിന്റെ ആശങ്കകള്‍ വിട്ടൊഴിഞ്ഞു. പരിചയം വലിയ സൗഹൃദമായി. ഋഷിക്കാകട്ടെ സിനിമയിലും പുറത്തുമായി ഒരുപാട് കാമുകിമാര്‍ ഉണ്ടായിരുന്നു.

''ഒരോ പെണ്‍കുട്ടികളുടെയും പിറകെ പോയി അവസാനം ഋഷി എനിക്കരികില്‍ മടങ്ങിയെത്തും. ഞാന്‍ വളരെ ലാളിത്യമുള്ളവളും സത്യസന്ധതയുള്ളവളുമാണെന്ന് നീതു എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നു. 

ഒരിക്കല്‍ ഒരു സംഭവമുണ്ടായി. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങള്‍ വെവ്വേറെ നഗരങ്ങളിലായിരുന്നു. ഋഷി എനിക്കൊരു ടെലഗ്രാം അയച്ചു, ഞാന്‍ നിന്നെ ഓര്‍ക്കുന്നു എന്നായിരുന്നു സന്ദേശം. അന്നാണ് ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലാണെന്ന സത്യം തിരിച്ചറിഞ്ഞത്'', നീതു പറഞ്ഞു.

നീതുവിനോടുള്ള പ്രണയം തിരിച്ചറിഞ്ഞപ്പോള്‍ ഋഷി ഒരു നിബന്ധനവച്ചു. 'നമുക്ക് പ്രണയിക്കാം, എന്നാല്‍ ഞാന്‍ നിന്നെ വിവാഹം കഴിക്കില്ല.' നീതുവിനും അത് സമ്മതമായിരുന്നു. അങ്ങനെ പ്രണയം മുന്നോട്ട് പോകുന്നതിനിടെ തന്റെ സഹോദരിയുടെ വിവാഹത്തിന്  ഋഷി നീതുവിനെ ക്ഷണിച്ചു. നീതു തന്റെ കാമുകിയാണെന്ന് കുടുംബാംഗങ്ങള്‍ മനസ്സിലാക്കിയതോടെ ഋഷി അവരോട് വിവാഹാഭ്യര്‍ഥന നടത്തി. അങ്ങനെ നീതുവും ഋഷിയും 1980 ല്‍ വിവാഹിതരായി. 

വിവാഹത്തിന് ശേഷം അഭിനയം തുടരേണ്ട എന്നാണ് നീതു തീരുമാനിച്ചു. അതേ വര്‍ഷം തന്നെ മകള്‍ റിധിമ കപൂര്‍ ജനിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്‍ബീറും. പിന്നീട് ഇംത്യാസ് അലിയുടെ ലൗ ആജ് കല്‍ എന്ന ചിത്രത്തിലൂടെ നീതു സിനിമയില്‍ മടങ്ങിയെത്തി. ഋഷി കപൂറിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തില്‍ നീതു കൈകാര്യം ചെയ്തത്.

സിനിമയിലും വ്യക്തി ജീവിതത്തിലും ഋഷിയുടെ നെടുംതൂണായിരുന്നു നീതു. പ്രതിസന്ധികളില്‍ ചേര്‍ത്തു നിര്‍ത്തി. നീതുവിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഇത്രയും ദൂരം യാത്ര ചെയ്യില്ലായിരുന്നുവെന്നാണ് ഋഷി പറയാറ്. 

Content Highlights: Neethu Kapoor emotional words about her deceased husband Rishi Kapoor, Indian Idol