നയന്‍താര-വിഘ്‌നേഷ് ശിവന്‍ ചിത്രം 'നാനും റൗഡി താന്‍' സിനിമയിലെ ഗാനം ആലപിച്ച് ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലകും. ചിത്രത്തിലെ തങ്കമേ എന്ന ഗാനം ഇരുവരും ആലപിക്കുന്നതിന്റെ വീഡിയോ വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തു. മുറിയിലെ ടി.വി.യില്‍ ഈ ഗാനം വെച്ചതോടെ അതിനനുസരിച്ച് കുട്ടികളും പാടുന്നതാണ് വീഡിയോ. 

To advertise here,

'ആഡഡഡഡഡഡ... നയന്‍താര, എന്റെ ഉയിരും ഉലകും' എന്ന ക്യാപ്ഷനോടെയാണ് വിഘ്‌നേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന ഇരട്ടക്കുട്ടികളാണ് ഉലകും ഉയിരും. നാനും റൗഡി താന്‍ സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. അനന്തരം വിവാഹിതരാവുകയും ചെയ്തു. 

അടുത്തിടെ ഇരുവരുടെയും പ്രണയബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തിരുന്നു. പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന സിനിമാരംഗത്ത് നയന്‍താര നടത്തിയ പോരാങ്ങള്‍, മുന്‍കാല ബന്ധങ്ങള്‍, സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള പ്രണയം തുടങ്ങിയവയെല്ലാം പ്രമേയമാകുന്നതാണ് ബിയോണ്ട് ദി ഫെയറിടെയ്ല്‍ എന്ന ഡോക്യുമെന്ററി.

നാനും റൗഡി താന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ഒരു രംഗം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ നിര്‍മാതാവും നടനുമായ ധനുഷ് പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ധനുഷിന്റെ പകപോക്കല്‍ ആരോപിച്ച് നയന്‍താര ധനുഷിന് തുറന്ന കത്തെഴുതിയതിനെ പ്രതി സംഭവം വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു.