നയന്‍താരയുടെ ജീവിതകഥ പറയുന്ന 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ധനുഷിന്റെ പിതാവ് കസ്തൂരി രാജ. ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയുമായി നയന്‍താരയും രംഗത്തെത്തിയതോടെ വലിയ വിവാദമായി. ഇതിലാണ് ധനുഷിന്റെ പിതാവ് പ്രതികരിച്ചിരിക്കുന്നത്.

To advertise here,

'നാനും റൗഡി താന്‍' ചിത്രത്തിലെ പാട്ടുകളും ദൃശ്യങ്ങളും ബി.ടി.എസും ഉപയോഗിക്കാന്‍ രണ്ടുവര്‍ഷത്തോളം ധനുഷുമായി ആശയവിനിമയം നടത്തിയെന്ന നയന്‍താരയുടെ അവകാശവാദം തെറ്റാണെന്ന് കസ്തൂരി രാജ പറഞ്ഞു. ധനുഷ് തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ്. നയന്‍താരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാന്‍ സമയമില്ലെന്നും കസ്തൂരി രാജയെ ഉദ്ധരിച്ച് തമിഴ് മാധ്യമമായ 'സമയം തമിഴ്' റിപ്പോര്‍ട്ടുചെയ്തു. നാനും റൗഡി താന്‍ പുറത്തിറങ്ങുന്നതുവരെ വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയം താന്‍ അറിഞ്ഞിരുന്നില്ലെന്നും കസ്തൂരി രാജ അവകാശപ്പെട്ടു.

'ഞങ്ങള്‍ക്ക് ജോലിയാണ് പ്രധാനം. ഞങ്ങള്‍ മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ പിന്തുടരുന്നവര്‍ക്കോ പിന്നില്‍നിന്ന് സംസാരിക്കുന്നവര്‍ക്കോ മറുപടി നല്‍കാന്‍ സമയമില്ല. എന്നെപ്പോലെ എന്റെ മകനും ജോലിയില്‍ മാത്രമാണ് ശ്രദ്ധ. നയന്‍താര പറഞ്ഞതുപോലെ രണ്ടുവര്‍ഷം കാത്തിരുന്നു എന്ന് പറയുന്നത് ശരിയല്ല. തനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നാണ് അവന്‍ പറഞ്ഞത്', എന്നായിരുന്നു കസ്തൂരി രാജയുടെ വാക്കുകള്‍.