ഒരുകാലത്ത് സിനിമാ തിരക്കുകളുടെ ലോകത്ത് ജീവിച്ചിരുന്ന ടി.പി മാധവന്‍ ഒമ്പത് വര്‍ഷമായി പത്തനാപുരത്തെ ഗാന്ധിഭവനില്‍ കൂട്ടിന് ആരോരുമില്ലാതെ ഒറ്റയ്ക്കാണ്. 1975-ല്‍ രാഗം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ മാധവന്‍ 2012 വരെ നീണ്ട 37 വര്‍ഷങ്ങള്‍ സിനിമയില്‍ സജീവമായിരുന്നു. അവസാനം സ്‌ക്രീനിലെത്തിയത് 2016-ല്‍ പുറത്തിറങ്ങിയ മാല്‍ഗുഡി ഡേയ്‌സ് എന്ന സിനിമയിലാണ്.

To advertise here,

തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ്, മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. അതിനുശേഷം ഗാന്ധി ഭവന്‍, ടി.പി മാധവനെ കുറിച്ചുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നടി നവ്യാ നായര്‍, നടനും മന്ത്രിയുമായി കെ.ബി ഗണേഷ് കുമാര്‍ എന്നിവര്‍ ടി.പി.മാധവനെ കാണാനായി ഗാന്ധി ഭവനിലെത്തിയപ്പോഴത്തെ അനുഭവമാണ് അന്ന് പങ്കുവെച്ചത്.

ടി.പി മാധവനെ കണ്ട് വികാരാധീനയായാണ് അന്ന് നവ്യ സംസാരിച്ചത്. 2022 മെയ് മാസത്തില്‍ ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയപ്പോഴാണ് നവ്യ അപ്രതീക്ഷിതമായി മാധവനെ കണ്ടത്. ഒരുപാട് സിനിമകളില്‍ തനിക്കൊപ്പം അഭിനയിച്ച നടന്‍ ഇവിടെയാണ് കഴിയുന്നതെന്ന് അന്ന് നവ്യക്ക് അറിയില്ലായിരുന്നു.

'ഇവിടെ വന്നപ്പോള്‍ ടി.പി  മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എന്നിവയെല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോള്‍ ഷോക്കായി പോയി. എന്റെ അച്ഛനമ്മമാരേക്കാള്‍ മുകളില്‍ ഞാന്‍ ആരെയും കണക്കാക്കിയിട്ടില്ല. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസിലായി.' അന്ന് നവ്യ പറഞ്ഞു.