"എല്ലാം ഓർമ്മിക്കപ്പെടും" എന്ന ശക്തമായ താക്കീതോടെയാണ് നസീറുദ്ദീൻ ഷാ വീഡിയോ പോസ്റ്റ് ചെയ്തത്.

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ. നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു. 'ചലോ സൻസദ്' മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും നസീറുദ്ദീൻ ഷാ രൂക്ഷമായി വിമർശിച്ചു.
പ്രതിഷേധക്കാർക്കുനേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് (ICE) ഏജന്റുമാരുടെ ക്രൂരതയോടാണ് അദ്ദേഹം ഉപമിച്ചത്. "ഈ സമയത്ത് എന്റെ ഹൃദയം നിറഞ്ഞതും ദേഷ്യം കൊണ്ട് തിളച്ചുമറിയുന്നതുമാണ്. കാരണം നമ്മുടെ കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് കാണുമ്പോൾ, മുഖത്ത് മാസ്ക് ധരിച്ച, കയ്യിൽ വടിയുമായി വരുന്ന അമേരിക്കൻ ICE ഏജന്റുമാരെയാണ് എനിക്ക് ഓർമ വരുന്നത്. നിങ്ങളുടെ കുട്ടികളെക്കുറിച്ചും ചിന്തിക്കുക, നിങ്ങളുടെ പ്രവൃത്തികൾക്ക് ഒരു ദിവസം നിങ്ങൾക്ക് തീർച്ചയായും ഫലം ലഭിക്കുമെന്നും ഓർക്കുക", അദ്ദേഹത്തിന്റെ വാക്കുകൾ.
രാജ്യത്തെ ഭരണകൂടത്തെ രൂക്ഷമായ ഭാഷയിലാണ് ഷാ വിമർശിച്ചത്. ഒരു അജ്ഞനായ വിഢിയാണ് രാജ്യത്തെ നയിക്കുന്നതെങ്കിൽ രാജ്യം മുഴുവൻ അജ്ഞരായി മാറണമെന്നായിരിക്കും അയാൾ ആഗ്രഹിക്കുക എന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും താൻ അഭിനയം പഠിച്ചതിനേക്കാൾ കൂടുതൽ തന്റെ വിദ്യാർത്ഥികളിൽ നിന്നാണ് പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഈ ക്രൂരത കണ്ട് തന്റെ ഉള്ളം തിളയ്ക്കുകയാണെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
"നിരവധി ആളുകൾക്ക് നിങ്ങളോട് സഹതാപമുണ്ട്. ധാരാളം ആളുകൾ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ പോരാടുക. എന്റെ രാജ്യത്തിന്റെ യുവതലമുറയിൽ എനിക്ക് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു, ഇപ്പോൾ ആ പ്രതീക്ഷ കൂടുതൽ വ്യക്തമായിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ പോരാട്ടം തുടരുക, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്". നസിറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു. "എല്ലാം ഓർമ്മിക്കപ്പെടും" എന്ന ശക്തമായ താക്കീതോടെയാണ് നസീറുദ്ദീൻ ഷാ വീഡിയോ പോസ്റ്റ് ചെയ്തത്.
ഹൃത്വിക് റോഷൻ, അരിജിത് സിംഗ്, ദിയ മിർസ, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ഠിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലെ യുവതലമുറയിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ധൈര്യം കൈവിടാതെ പോരാട്ടം തുടരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഏൽക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
Content Highlights: Legendary actor Naseeruddin Shah strongly condemned the police brutality against students protesting the NEET paper leak at Delhi's 'Chalo Sansad' march, comparing police actions to US ICE agents and urging the youth to continue their brave fight for justice.
Published: 23 Jul 2026, 10:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented