
ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ സി.കെ. ജാനുവിനെതിരേ പരിഹാസവുമായി 'നരിവേട്ട' സംവിധായകൻ അനുരാജ് മനോഹർ. 'വീണ്ടും യുഡിഎഫിൽ ചേർന്ന സി.കെ. ജാനുവിന് നീൽസലാം', എന്ന് സംവിധായകൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മുത്തങ്ങ സംഭവത്തെ അടിസ്ഥാനമാക്കി അനുരാജ് സംവിധാനംചെയ്ത 'നരിവേട്ട'യ്‌ക്കെതിരേ ജാനു നേരത്തേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
ജാനുവിന്റെ വിമർശനങ്ങൾ കേട്ടിട്ടും മിണ്ടാതിരുന്നത് ഉപ്പുചെയ്യാത്തത് ഉപ്പിലിട്ടതിന് ചെയ്യാൻ സാധിക്കില്ലെന്ന ബോധ്യത്തിലാണെന്ന് അനുരാജ് അവകാശപ്പെട്ടു. 'നരിവേട്ട സിനിമ ഇറങ്ങിയ കാലത്ത് സി.കെ. ജാനുവിനെ സിനിമ കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നു. നിർഭാഗ്യവശാൽ അവർ അന്ന് കാനഡയിലായിരുന്നു. സിനിമയിൽ അഭിനയിച്ച മുഴുവൻ ആദിവാസികളെയും സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് സിനിമ കാണിക്കാൻ ശ്രമം നടത്തിയിരുന്നു, പരാജയപ്പെട്ടു. സ്വന്തം കൂരയ്ക്ക് വെളിയിലിറങ്ങാൻ ഇപ്പോഴും പകച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് വയനാട് ചുരത്തിനപ്പുറത്തെ കൊല്ലത്തെ അറിവില്ലാത്തവർക്ക്, കൈപത്തിയിൽ എത്ര വിരലുണ്ട് എന്ന അറിവ് പോലും ഇപ്പോഴും സംശയമാണ്', സംവിധായകൻ കുറിച്ചു.
നേരത്തേ, ചിത്രത്തിനെതിരേ ജാനു രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ചിത്രം തെറ്റായ സന്ദേശമാണ് നൽകുന്നതെന്നായിരുന്നു മാതൃഭൂമി ഡോട്ട്‌കോമിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്. മുത്തങ്ങ സമരത്തെ ചിത്രം തെറ്റായി ചിത്രീകരിക്കുന്നു. ആദിവാസികൾ നടത്തിയ ഒരു സമരത്തെ തങ്ങൾക്ക് തോന്നുന്നതുപോലെ ചിത്രീകരിക്കുന്നത് ശരിയല്ല. സത്യം തുറന്നുകാണിക്കാൻ ധൈര്യമില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നും സി.കെ. ജാനു പറഞ്ഞു. മുത്തങ്ങയിൽ നടന്നത് തെറ്റായ നടപടിയായിരുന്നുവെന്ന തിരിച്ചറിവ് ആന്റണിക്ക് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞിരുന്നു.
അനുരാജ് മനോഹറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പുഴുക്കളെ പോലെ ഇഴഞ്ഞ് നടന്നിരുന്ന ആദിവാസികൾക്ക് നട്ടെല്ലിന്റെ കരുത്ത് നൽകി സംഘടിത സമര സംവിധാനത്തിലേക്ക് രക്തവും ഊർജ്ജവും നൽകി ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ആദിവാസികളെ നയിച്ച നേതാവാണ് സി.കെ. ജാനു. ഏതോ കൊല്ലപ്പരീക്ഷാ കാലത്തുള്ള തീവെപ്പും അതിനെ തുടർന്നുണ്ടായ വെടിയൊച്ചയിലും ടിവി സ്‌ക്രീനിൽ കണ്ട കവിൾ വീർത്ത് കണ്ണിൽ രക്തം ഒരിറ്റ് ശേഷിപ്പില്ലാതെ കാക്കി കൂട്ടങ്ങൾ നടത്തി കൊണ്ട് പോകുന്ന ഒരുസ്ത്രീയെ വളരെ വേദനയോടെയാണ് അന്ന് എന്നിലെ ചെറുപ്പക്കാരൻ കണ്ടത്. കാലം കടന്ന് പോയപ്പോൾ രാഷ്ട്രീയ സഖ്യങ്ങൾ മാറിയപ്പോൾ സി.കെ. ജാനു ബിജെപിയിൽ ചേർന്നു എന്ന വാർത്തയ്ക്ക് ശേഷമാണ് നരിവേട്ട എന്ന ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടി അവരെ അവരുടെ വീട്ടിൽ പോയി കാണുന്നത്.
നരിവേട്ട സിനിമ ഇറങ്ങിയ കാലത്ത് സി.കെ. ജാനുവിനെ സിനിമ കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നു. നിർഭാഗ്യവശാൽ അവർ അന്ന് കാനഡയിൽ ആയിരുന്നു സിനിമയിൽ അഭിനയിച്ച മുഴുവൻ ആദിവാസികളെയും സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് സിനിമ കാണിക്കാൻ ശ്രമം നടത്തിയിരുന്നു പരാജയപ്പെട്ടു.
സ്വന്തം കൂരയ്ക്ക് വെളിയിലിറങ്ങാൻ ഇപ്പോഴും പകച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് വയനാട് ചുരത്തിനപ്പുറത്തെ കൊല്ലത്തെ അറിവില്ലാത്തവർക്ക്, കൈപത്തിയിൽ എത്ര വിരലുണ്ട് എന്ന അറിവ് പോലും ഇപ്പോഴും സംശയമാണ്.
മുത്തങ്ങയിൽ അന്ന് നടന്ന നരനായാട്ടിനെയും പോലീസ് വെടിവെപ്പിനെയും ലഘൂകരിച്ച് നരിവേട്ട റിലീസിന് ശേഷം മുത്തങ്ങ വെടിവെപ്പിലെ ഇരകളിലൊരാളായ സി.കെ. ജാനുവിന്റെ വിമർശങ്ങളെ ഉൾകൊണ്ട് ഇരിക്കുമ്പോഴാണ് വേട്ടക്കാരിലെ പ്രധാനി അന്നത്തെ മുഖ്യമന്ത്രി മുത്തങ്ങ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നത്. എല്ലാ വിമർശനങ്ങളെയും കേട്ടതും മിണ്ടാതിരുന്നതും കാരണം, 'ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാൻ സാധിക്കില്ല' എന്ന ഉറച്ച ബോധ്യത്തിലാണ്. വീണ്ടും യുഡിഎഫിൽ ചേർന്ന സി.കെ. ജാനുവിന് നീൽ സലാം.
Content Highlights: Anuraj Manohar mocks CK Janu
Published: 22 Dec 2025, 05:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented