17 തികയുന്ന കൊച്ചുമകൾ നക്ഷത്ര ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകളുമായി നടി മല്ലിക സുകുമാരൻ. കൊച്ചുമക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മല്ലികയുടെ പിറന്നാൾ ആശംസ. അമ്മൂമ്മയുടെ ചക്കരയെന്ന് വിശേഷിപ്പിച്ച് നക്ഷത്രയെക്കുറിച്ച് ചെറുകുറിപ്പും മല്ലികയുടെ ആശംസാ പോസ്റ്റിലുണ്ട്.

To advertise here,

'അമ്മൂമ്മയുടെ ചക്കര. എന്റെ നക്ഷത്രമോൾക്ക് 17 വയസ്സുതികയുന്ന ദിവസം. അമ്മൂമ്മയുടെ പ്രത്യേക പ്രാർഥനയും അനുഗ്രഹവും. ലവ് യു വാവേ...', എന്നായിരുന്നു മല്ലികയുടെ കുറിപ്പ്. ക്ഷേത്രത്തിന് മുമ്പിൽനിന്നുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

മല്ലിക സുകുമാരന്റെ മൂത്തമകൻ ഇന്ദ്രജിത്തിന്റെയും നടി പൂർണിമ ഇന്ദ്രജിത്തിന്റെയും ഇളയ മകളാണ് നക്ഷത്ര. ചൊവ്വാഴ്ച 17 തികഞ്ഞ നക്ഷത്രയ്ക്ക് ആശംസയുമായി പിതാവ് ഇന്ദ്രജിത്തും മാതാവ് പൂർണിമയും പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. പിതാവിന്റെ സഹോദരൻ പൃഥ്വിരാജും ആശംസയുമായെത്തി.

'പിറന്നാൾ ആശംസകൾ നാച്ചു', എന്നാണ് ഇന്ദ്രജിത്തിന്റെ കുറിപ്പ്. നക്ഷത്രയുടെ ഫോട്ടോയും പിതാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. 'ഞങ്ങളുടെ ജീവിതം മനോഹരമാക്കുന്ന പെൺകുട്ടിക്ക്, സന്തോഷ പതിനേഴ്' എന്നായിരുന്നു അമ്മ പൂർണിമയുടെ കുറിപ്പ്. 'പിറന്നാൾ ആശംസകൾ നാച്ചു', എന്നായിരുന്നു പൃഥ്വിരാജിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.

പതിനേഴുകാരിയായ നക്ഷത്ര കുഞ്ഞിലേ തന്നെ സിനിമയിൽ സജീവമായിരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാനവേഷങ്ങളിലെത്തിയ ടിയാൻ എന്ന ചിത്രത്തിൽ നക്ഷത്ര വേഷമിട്ടു. ഇന്ദ്രജിത്തിന്റെ മകളുടെ വേഷത്തിലാണ് ചിത്രത്തിൽ അഭിനയിച്ചത്.