
കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളിൽ അലയടിച്ചു.
ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബം' ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്. ഈണം നൽകിയ 'ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ...' ആലപിച്ചത് പി. ലീല. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്.
ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. 'നക്ഷത്രദീപങ്ങൾ തിളങ്ങി...', 'ഹൃദയം ദേവാലയം...' തുടങ്ങിയവ ഏറെ ഹിറ്റായി.
1988-ലായിരുന്നു കെ.ജി. വിജയന്റെ വിയോഗം. യേശുദാസ് ആലപിച്ച് കെ.ജി. ജയൻ ഈണമിട്ട മയിൽപ്പീലി എന്ന കൃഷ്ണഭക്തിഗാന ആൽബം ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗോപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പരേതയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ശ്രീനാരായണ ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അച്ഛൻ ഗോപാലൻ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. മക്കൾ: ബിജു കെ.ജയൻ എന്നൊരു മകൻകൂടിയുണ്ട്.
2019-ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ൽ സംഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Content Highlights: music director kg jayan passed away
Published: 16 Apr 2024, 06:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented