കൈതപ്രം വിശ്വനാഥൻ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം.
1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടേയും (കണ്ണാടി ഭാഗവതര്‍), അദിതി അന്തര്‍ജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം നേടി.
ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിര്‍വഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിൽ സഹായിയായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള വരവ്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.
കരിനീലക്കണ്ണഴകീ, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട്, സാറേ സാറേ സാമ്പാറേ, ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമായവയാണ്.
കണ്ണകി, തിളക്കം, ദൈവനാമത്തില്‍, ഉള്ളം, ഏകാന്തം, മധ്യവേനല്‍, നീലാംബരി, ഓര്‍മ്മ മാത്രം എന്നീ ചിത്രങ്ങളിലാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
സെക്ഷൻ 306 IPC എന്ന ചിത്രത്തിനുവേണ്ടിയാണ് കൈതപ്രം വിശ്വനാഥൻ അവസാനമായി ഈണമിട്ടത്. ശ്രീജിത്ത് വർമ്മ നിർമ്മിച്ച് ശ്രീനാഥ് ശിവ സംവിധാനം ചെയ്ത സിനിമയിൽ പി. ജയചന്ദ്രൻ, വിദ്യാധരൻ മാസ്റ്റർ, ഇന്ദുലേഖ വാരിയർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.
ഭാര്യ-ഗൗരി. മക്കള്‍:അതിഥി, നര്‍മദ, കേശവന്‍.
Content Highlights: Music director Kaithapram Viswanathan Namboothiri passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..