
പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ദുരിതങ്ങളും അതൊഴിവാക്കേണ്ട ആവശ്യകതയെപ്പറ്റിയും വിശദമാക്കി സംഗീത സംവിധായകന്‍ ബിജിബാല്‍. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ബിജിപാലിന്റെ പ്രതികരണം.
അനാവശ്യ പ്ലാസ്റ്റിക് എങ്ങനെ ഒഴിവാക്കാം എന്ന ശ്രമം വര്‍ഷങ്ങള്‍ക്ക് മുന്നേ തുടങ്ങിയെന്നും തന്റെ കുട്ടികള്‍ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിച്ചിട്ടേയില്ലെന്ന് ബിജിപാല്‍ കുറിച്ചു. അഴിമതി വേണമെങ്കില്‍ കാണിച്ചോളൂ എന്നും പക്ഷേ സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവര്‍ന്നെടുക്കരുതെന്നും ബിജിപാല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു പാഴ് യുദ്ധത്തിന്റെ..
ഇരുപതോളം വര്‍ഷങ്ങളായിക്കാണും. പ്ലാസ്റ്റിക് ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന ഭയാനകവിപത്തിനെ കുറിച്ച് ആകസ്മികമായി ഒരു പഠനം വായിക്കാനിട വന്നു. അന്ന് മുതല്‍ അനാവശ്യ പ്ലാസ്റ്റിക് എങ്ങനെ ഒഴിവാക്കാം എന്ന ശ്രമവും അതിന്റെ പേരിലുള്ള ആഭ്യന്തര കലഹവും തുടങ്ങി. അന്ന് വരെ നിര്‍ലോഭമായി ഉപയോഗിച്ച് പോന്ന പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. പച്ചക്കറികള്‍ വാങ്ങാന്‍ തുണിസഞ്ചികള്‍, പല പാന്റുകളുടെയും കാലുകള്‍ സഞ്ചികളായി രൂപാന്തരപ്പെട്ടു. സ്വാഭാവികമായ ഒഴുക്കില്‍ അമ്മ കടയില്‍ നിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകള്‍ നീണ്ട ക്ലാസ്സുകള്‍ക്കൊടുവിലും വാഗ്വാദങ്ങളിലും കുറഞ്ഞു വന്നു. പ്ലാസ്റ്റിക് മണ്ണില്‍ ചേരില്ലെന്നും കത്തിച്ചാല്‍ കാന്‍സറിന് കാരണമായ പലവിധ കെമിക്കലുകള്‍ പുറപ്പെടുവിക്കുമെന്നും ഒരു തലമുറ കാലക്രമേണ രോഗാതുരമാകുമെന്നും പഠിപ്പിച്ചു.
തുണിക്കടയില്‍ പോയാല്‍ പ്ലാസ്റ്റിക് ഉറയാണെങ്കില്‍ അതൊഴിവാക്കി തുണികള്‍ അങ്ങനെ തന്നെ പൊക്കി കൊണ്ടുപോന്നു. ഇതുകണ്ട് കടയിലുള്ളവര്‍ ചിരിക്കുന്നതും കണ്ടിട്ടുണ്ട്. അവള്‍ എന്നും കൂട്ട് നിന്ന്. കുട്ടികള്‍ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിച്ചിട്ടേയില്ല. ബന്ധുക്കളുടെ കുട്ടികള്‍ കളിപ്രായം കഴിയുമ്പോള്‍ അവരുടെ കളിക്കോപ്പുകള്‍ തരുന്നതൊഴിച്ചാല്‍. ഉത്സവപ്പറമ്പില്‍ കൗതുകമുള്ള കളിപ്പാട്ടങ്ങള്‍ ചൂണ്ടി 'അച്ഛാ ഇത് പ്ലാസ്റ്റിക് ആണോ' എന്ന് മൂന്നാം വയസ്സിലെ ദേവന്‍ ചോദിക്കുമായിരുന്നു. ദയകുട്ടി ആയപ്പോ ആ ചോദ്യം പോലും ഒഴിവാകുന്നത്ര സ്വാഭാവിക ജീവിതം ആയിക്കഴിഞ്ഞു. സ്റ്റുഡിയോയിലും ഏറ്റവും അടുപ്പമുള്ള ആളുകള്‍ പ്ലാസ്റ്റിക് കൊണ്ടുവരാന്‍ മടിക്കും.
അടുത്തുള്ള കടയിലെ ഖാദറിക്ക ഇവിടുന്നു ആര് സാധനം മേടിച്ചാലും കവര്‍ കൊടുക്കില്ല. 'ബിജിച്ചേട്ടന്‍ സമ്മതിക്കില്ല' എന്ന് പറയും. അയല്‍വാസിയായ ബന്ധു പ്ലാസ്റ്റിക് കത്തിക്കുന്നത് കണ്ട് തടഞ്ഞ എനിക്ക് ഒരിക്കല്‍ അസഭ്യവും കേള്‍ക്കേണ്ടി വന്നു. വലിയ യുദ്ധമൊന്നും ആയിരുന്നില്ല. ത്യാഗവും അല്ല. കാരണം ചുറ്റുമുള്ളതെല്ലാം പ്ലാസ്റ്റിക്. വര്‍ക്ക് ചെയ്യുന്ന കമ്പ്യൂട്ടര്‍, ഓടിക്കുന്ന ബൈക്ക്, കാര്‍, ഫോണ്‍, എല്ലാം. പക്ഷെ ഒഴിവാക്കാവുന്നവ..അത്രമാത്രം. ഉപയോഗിക്കുന്ന ടൈപ്പിംഗ് കീബോര്‍ഡില്‍ ഇടയ്ക്കു വെള്ളം വീണ് '2' എന്ന കീ ചീത്തയായിട്ടു മൂന്ന് വര്ഷം. മാറ്റിയിട്ടില്ല. '@' ടൈപ്പ് ചെയ്യണമെങ്കില്‍ മെയില്‍ ഓപ്പണ്‍ ചെയ്തിട്ട് കോപ്പി പേസ്റ്റ് ചെയ്യും. ഇത് കണ്ട് സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കളിയാക്കാറില്ല. 'ഇ വേസ്റ്റ്' ഒരെണ്ണം ഒഴിവാക്കാമല്ലോ. ചെറിയൊരദ്ധ്വാനം മതിയല്ലോ. നോക്കുമ്പോ എനിക്ക് ചുറ്റും ഒരു നഗരം കത്തുന്നു. ടണ്‍ കണക്കിന് പ്ലാസ്റ്റിക്. ഡയോക്‌സിനും ബെന്‌സോപൈറീനും പോളി ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണും വമിക്കുന്നു. ഒരു ജനത രോഗാതുരമാകുന്നു. എന്റെ പ്രിയ സുഹൃത്തടക്കം ശ്വാസം മുട്ടി ആശുപത്രിയിലാകുന്നു. സ്വപ്നം കാണുന്ന കുട്ടികള്‍, ജനിച്ച, ജനിക്കാനിരിക്കുന്ന പിഞ്ചുപൈതങ്ങള്‍. അഴിമതി വേണമെങ്കില്‍ കാണിച്ചോളു. സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവര്‍ന്നെടുക്കരുതേ. അത് മൗലികമല്ലേ. ഒരു പ്രശ്‌നവുമില്ലെന്ന് അധികാരികള്‍ പറയുന്നു. ശാസ്ത്രം അതല്ലല്ലോ പറയുന്നത്. ഏക ആശ്രയം കോടതിയാണ്. കോടതി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ വേണ്ടത് ചെയ്യാന്‍ മുന്‍കൈ എടുക്കുമെന്ന് നമുക്ക് സ്വപ്നം കാണാം. സ്വപ്നങ്ങള്‍ക്ക് ലിമിറ്റില്ലല്ലോല്ലേ
Content Highlights: music director bijibal on brahmapuram issue
Published: 11 Mar 2023, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented