ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍. മലയാളത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അഭിനന്ദനം. ഏറ്റവും അര്‍ഹമായ അംഗീകാരമാണെന്ന് അമിതാഭ് ബച്ചന്‍ അഭിപ്രായപ്പെട്ടു.

To advertise here,

മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണ്. ഒരുപാട് അഭിനന്ദനങ്ങള്‍. താന്‍ മോഹന്‍ലാലിന്റെ അഭിനയത്തിന്റെ വലിയ ആരാധകനാണെന്നും അമിതാഭ് ബച്ചന്‍ കുറിച്ചു.

ഇന്ത്യന്‍ ചലച്ചിത്രകലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കഴിഞ്ഞദിവസമാണ് മോഹന്‍ലാലിന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ വികാസനത്തിനും നല്‍കിയ അതുല്യസംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ പുരസ്‌കാരം. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ഇന്ത്യന്‍ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണയ്ക്കായി 1969-ലാണ് കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആദ്യപുരസ്‌കാരം ചലച്ചിത്രതാരം ദേവികാ റാണിക്കായിരുന്നു. തുടര്‍ന്ന് പൃഥ്വിരാജ് കപൂര്‍, പങ്കജ് മല്ലിക്, നൗഷാദ്, സത്യജിത് റേ, വി.ശാന്താറാം, രാജ്കപുര്‍, ഭൂപേന്‍ ഹസാരിക, മജ്‌രൂഹ് സുല്‍ത്താന്‍പുരി, ദിലീപ് കുമാര്‍, രാജ്കുമാര്‍, അശോക് കുമാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, ലതാ മങ്കേഷ്‌കര്‍, ആശാ ഭോണ്‍സ്‌ലെ, കെ.ബാലചന്ദര്‍, അമിതാഭ് ബച്ചന്‍, രജനീകാന്ത്, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രതിഭകള്‍ക്ക് പുരസ്‌കാരംലഭിച്ചു. ഇതുവരെ 54 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. 55-ാമത് പുരസ്‌കാരമാണ് മോഹന്‍ലാലിന്.