ന്തരിച്ച പ്രശസ്ത നിർമാതാവും വ്യവസായിയുമായ രാമോജി റാവുവിന് ആദരാഞ്ജലികളർപ്പിച്ച് നടൻ മോഹൻലാൽ. ഇന്ത്യൻ സിനിമയോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശം, രാമോജി ഫിലിം സിറ്റിയിൽ പ്രകടമാണെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ എഴുതി.

To advertise here,

''ശ്രീ രാമോജി റാവു ഗാരുവിൻ്റെ വിയോഗവാർത്തയിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരു ദീർഘവീക്ഷണമുള്ള നേതാവെന്നതിലുപരി ദയയും പ്രചോദനവുമേകുന്ന വ്യക്തിയായിരുന്നു. ഇന്ത്യൻ സിനിമയോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശം, രാമോജി ഫിലിം സിറ്റിയിൽ പ്രകടമാണ്. സിനിമാ വ്യവസായത്തെ അദ്ദേഹം മാറ്റിമറിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിന് എൻ്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.'' ഓം ശാന്തി. മോഹൻലാൽ എഴുതി.

നേരത്തേ നടന്മാരായ രജനികാന്ത്, ചിരഞ്ജീവി, അല്ലു അർജുൻ, കമൽ ഹാസൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖർ രാമോജി റാവുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ശ്വാസ തടസ്സത്തെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമോജി റാവു ശനിയാഴ്ച രാവിലെ അഞ്ചു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 87 കാരനായ റാമോജി റാവു ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അർബുദത്തെ അതിജീവിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും കൂടിയാണ്. ഈനാട് പത്രം, ഇടിവി നെ്‌വർക്ക്, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്‌സ്, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷൻ, മാർഗദർസി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയായിരുന്നു. 

ഏറെക്കാലം ആന്ധ്ര രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നവരിൽ പ്രധാനിയായിരുന്നു. 1983ൽ സ്ഥാപിതമായ ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൻ മൂവീസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റുകൾ അദ്ദേഹം സമ്മാനിച്ചു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകൾ നിർമിച്ചിട്ടുണ്ട്.