ന്തരിച്ച പോപ് താരം മൈക്കൽ ജാക്‌സണെതിരെ വീണ്ടും ഗുരുതരമായ ലൈംഗികാരോപണം. നാല് സഹോദരങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇവർ മൈക്കൽ ജാക്‌സന്റെ എസ്റ്റേറ്റിനെതിരെ (മരണശേഷം മൈക്കൽ ജാക്‌സന്റെ സ്വത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നവർ) സിവിൽ നിയമനടപടിയുമായി കോടതിയെ സമീപിച്ചു. ഫെബ്രുവരിയിലാണ് ഇവർ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. പരാതിക്കാരായ നാല് പേരും ന്യൂയോർക്ക് ടൈംസിന് അഭിമുഖം നൽകിയതോടെയാണ് സംഭവം ഇപ്പോൾ വാർത്തയാകുന്നത്.

To advertise here,

യുഎസ്സിലെ ന്യൂജേഴ്‌സി സംസ്ഥാനത്തുനിന്നുള്ള മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണ് പരാതിക്കാർ. 2000-ങ്ങളിലാണ് മൈക്കൽ ജാക്‌സണിൽ നിന്ന് തങ്ങൾക്ക് ദുരനുഭവമുണ്ടായതെന്ന് ഇവർ പറയുന്നു. കൺസർട്ട് ടൂറുകളിൽ ഒപ്പം സഞ്ചരിക്കവെയും സ്വന്തം കുട്ടികളുമായി തങ്ങളുടെ വീട് സന്ദർശിക്കാനെത്തുമ്പോഴുമെല്ലാം പീഡനമുണ്ടായി. മൈക്കൽ ജാക്‌സൺ സ്ഥിരമായി താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ ജോലിക്കാരനായിരുന്നു പരാതിക്കാരുടെ പിതാവ്. അങ്ങനെയാണ് കുടുംബത്തിന് ജാക്‌സണുമായി ബന്ധമുണ്ടാകുന്നത്. പീഡനസമയത്ത് ഇതേക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കൾക്ക് അറിവുണ്ടിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

'മൈക്കൽ ജാക്‌സൺ നിരന്തരമായി കുട്ടികളെ പീഡിപ്പിക്കുന്നയാളായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി പരാതിക്കാരെ ഓരോരുത്തരെയായി മയക്കുമരുന്ന് നൽകി മൈക്കൽ ജാക്‌സൺ പീഡിപ്പിച്ചു. ആ സമയം ചില കുട്ടികൾക്ക് ഏഴോ എട്ടോ വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കുട്ടികളുടെ മേലുള്ള ലൈംഗികാക്രമണം മൈക്കൽ ജാക്‌സൺ ദീർഘകാലം തുടർന്നു. ലോകത്തിന്റെ പലയിടങ്ങളിൽ വെച്ചും ഇരകളുടെ വീട്ടിൽ കുട്ടികളുമായി എത്തിയപ്പോഴുമാണ് പീഡനങ്ങൾ നടന്നത്. സഹോദരങ്ങൾ പരസ്പരവും മാതാപിതാക്കളും പീഡനവിവരം അറിയാത്ത രീതിയിൽ മൈക്കൽ ജാക്‌സൺ ഇവരെ കുട്ടിക്കാലത്തുടനീളം മസ്തിഷ്‌ക പ്രക്ഷാളനം നടത്തി.' -കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.

അതേസമയം ഹർജി പണം തട്ടാൻ വേണ്ടിയുള്ളതാണെന്നാണ് മൈക്കൽ ജാക്‌സന്റെ എസ്റ്റേറ്റ് പ്രതികരിച്ചത്. ഇരകളാണെന്ന് അവകാശപ്പെടുന്നവർ ഇത്രയും ദീർഘമായ കാലം മൗനം അവലംബിച്ചത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. മൈക്കൽ ജാക്‌സൺ അന്തരിച്ച് 15 വർഷങ്ങൾക്കിപ്പുറമാണ് പരാതിക്കാർ ഹർജിയുമായി എത്തുന്നത്. ജീവിച്ചിരുന്നപ്പോഴെന്ന പോലെ മരണശേഷവും മൈക്കൽ ജാക്‌സണെ ലക്ഷ്യമിടാൻ കാരണം അദ്ദേഹത്തിന്റെ കഴിവും വിജയവുമാണെന്നും എസ്‌റ്റേറ്റിനെ പ്രതിനിധീകരിച്ച് അറ്റോർണി മാർട്ടിൻ സിംഗർ പറഞ്ഞു.