തൃപ്പൂണിത്തുറ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പ്രൊഫ. മാവേലിക്കര പി. സുബ്രഹ്മണ്യം (66) അന്തരിച്ചു. എരൂര്‍ പിഷാരിക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്ത് ശിവശക്തിയിലായിരുന്നു താമസം. തൃപ്പൂണിത്തുറ ഗവ. ആര്‍.എല്‍.വി. കോളേജ് റിട്ട. പ്രൊഫസറാണ്. സംഗീതജ്ഞരായ പത്മനാഭ അയ്യരുടെയും മാവേലിക്കര പൊന്നമ്മാളുടെയും മകനാണ് പി. സുബ്രഹ്മണ്യം.

To advertise here,

അദ്ദേഹത്തിന്റെ വില്‍പ്പത്ര പ്രകാരം മൃതശരീരം എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറും. മതപരമായ യാതൊരു ചടങ്ങും പാടില്ലെന്നും വില്‍പ്പത്രത്തിലുണ്ട്. അമ്മ മാവേലിക്കര പൊന്നമ്മാളാണ് സംഗീതത്തില്‍ ആദ്യ ഗുരു. പ്രശസ്ത സംഗീതജ്ഞനായ മാവേലിക്കര രാമനാഥന്റെ മരുമകനുമാണ്. പരേതനായ പ്രൊഫ. മാവേലിക്കര ആര്‍. പ്രഭാകര വര്‍മ, പ്രൊഫ. പി.ആര്‍. കുമാര കേരളവര്‍മ എന്നിവരുടെ ശിഷ്യനാണ്. ആകാശവാണി ബി ഹൈ ആര്‍ട്ടിസ്റ്റായിരുന്നു. മദ്രാസ് ടി.വി. ജയചന്ദ്രന്‍, കെസ്റ്റര്‍, വൈക്കം വിജയലക്ഷ്മി, വി. ഗോപീകൃഷ്ണന്‍, ലേഖ ആര്‍. നായര്‍, ചിത്ര അരുണ്‍, സുദീപ് കുമാര്‍, വിജീഷ് തുടങ്ങി പ്രമുഖ സംഗീതജ്ഞര്‍ ശിഷ്യരാണ്.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അക്കാദമി ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പാണ് പൂര്‍ണത്രയീ ഫൗണ്ടേഷന്റെ സംഗീതപൂര്‍ണ പുരസ്‌കാരം ഭാരവാഹികള്‍ വസതിയിലെത്തി നല്‍കിയത്. ഭാര്യ: ധനലക്ഷ്മി. മക്കള്‍: ഹരിശങ്കര്‍, രവിശങ്കര്‍.