ധ്രുവ് സര്‍ജ നായകനായി എത്തുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യ ചിത്രം 'മാര്‍ട്ടിന്‍' ടീസര്‍ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയില്‍ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്ഷന്‍ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജയുള്ളത്. തനിക്കെതിരായെത്തുന്ന ശത്രുക്കളെയെല്ലാം ധ്രുവ തകര്‍ത്തെറിയുന്ന രംഗങ്ങളാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ പോന്നതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ പി അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്. 

To advertise here,

സ്‌ഫോടനാത്മകമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ടീസര്‍. പാകിസ്താന്‍ ജയിലില്‍ തടവിലാക്കപ്പെട്ട നായകന്റെ മാസ് എന്‍ട്രി കാണിക്കുന്ന ടീസറില്‍ അവിടെ നിന്ന് ഇന്ത്യയിലേക്ക് കഥയെ എങ്ങനെ ബന്ധിപ്പിച്ചുവെന്നറിയാന്‍ ടീസര്‍ കണ്ടവരില്‍ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. മൊത്തമൊരു പവര്‍ പാക്ക്ഡ് സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 

മാര്‍ട്ടിന്‍ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.  അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സര്‍ജ ചിത്രത്തിലെത്തുന്നത്‌. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മ്മിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്‌ഡെ, എഡിറ്റര്‍ കെ എം പ്രകാശ്.

ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്.  വാര്‍ത്താ പ്രചരണം: സ്‌നേക്ക്പ്ലാന്റ്.