സിനിമാതാരമാണ് മംഗലാംകുന്ന് കര്‍ണന്‍. മലയാള സിനിമയില്‍ മാത്രമല്ല അങ്ങ് ബോളിവുഡിലും മംഗലാംകുന്ന് കര്‍ണന്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ നരസിംഹം, കഥാനായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമേ മണിരത്‌നം സംവിധാനം ചെയ്ത ദില്‍സെയിലും മംഗലാംകുന്ന് കര്‍ണന്‍ തലപൊക്കത്തോടെ നിന്നു. കേരളത്തില്‍ ചിത്രീകരിച്ച ജിയ ജലേ എന്ന ഗാനരംഗത്തിലാണ് കര്‍ണന്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍ ചിറക്കല്‍ കാളിദാസനും മാറ്റ് ഒട്ടനവധി ആനകളുമുണ്ടായിരുന്നു. പ്രീതി സിന്റെയും ഷാരൂഖ് ഖാനുമായിരുന്നു ആ ഗാനരംഗത്തില്‍ അഭിനയിച്ചത്. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ താരമായിട്ടുണ്ട്.
ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയാണ് മംഗലാംകുന്ന് കര്‍ണന്‍. എഴുന്നള്ളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്‍പ്പോലും ഈ 'നിലവു'കൊണ്ടാണ് കര്‍ണന്‍ ശ്രദ്ധേയനാവുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കര്‍ണന്‍േറത്. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍.
ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 91 ല്‍ വാരണാസിയില്‍നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്. വരുമ്പോള്‍ത്തന്നെ കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്‍േറതായിരുന്നപ്പോള്‍ മനിശ്ശേരി കര്‍ണനായിരുന്നു. മംഗലാംകുന്ന് ആനത്തറവാട്ടിലെത്തി അഞ്ചുവര്‍ഷത്തിലേറെയായി.
തലപ്പൊക്ക മത്സരവേളയില്‍ സ്വന്തം മത്സരവീര്യവും ആത്മവിശ്വാസവുംകൊണ്ടാണ് കര്‍ണന്‍ പിടിച്ചുനില്‍ക്കുന്നത്. കര്‍ണനില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ ആദ്യകാലത്ത് പാപ്പാനായിരുന്ന പാറശ്ശേരി ചാമിയും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ആറ്റാശ്ശേരി നാരായണനാണ് പാപ്പാന്‍. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്പതുവര്‍ഷം വിജയിയായിരുന്നു കര്‍ണന്‍. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്.
Content Highlights: Mangalamkunnu karnan elephant, Movies, Dilse, Narasimham, Kathanayakan