ഷാരൂഖ് ഖാനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. സാമ്പത്തികമായി വലിയ വിജയമായില്ലെങ്കിലും പില്‍കാലത്ത് വലിയ ചര്‍ച്ചയായ ചിത്രമാണ്. എ.ആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളും കേരളത്തിലേതടക്കമുള്ള മനോഹരമായ ലൊക്കേഷനുമാണ് ദില്‍സേയുടെ ഏറ്റവും വലിയ ആകര്‍ഷണമാണ്. 'ഛയ്യ ഛയ്യ' എന്ന ഗാനം ഇന്നും വലിയ ഹിറ്റാണ്. ദില്‍സേയ്ക്ക് ശേഷം ഷാരൂഖ് ഖാനും മണിരത്‌നവും ഒന്നിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മണിരത്‌നത്തോടൊപ്പം സിനിമ ചെയ്യണമെന്ന് പറയുകയാണ് ഷാരൂഖ്. 

To advertise here,

ഒരു ചടങ്ങിലാണ് ഷാരൂഖ് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. മണിരത്‌നവും ചടങ്ങില്‍ അതിഥിയായിരുന്നു. തനിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന് യാചിക്കുകയാണ് ഷാരൂഖ്. എന്നാല്‍ തനിക്ക് ഒരു നിബന്ധനയുണ്ടെന്ന് മണിരത്‌നം പറയുന്നു.

''മണി സാര്‍ ഞാന്‍ അപേക്ഷിക്കുകയാണ്, ഞാന്‍ യാചിക്കുകയാണ്. എനിക്കൊപ്പം ഒരു സിനിമ ചെയ്യൂ. താങ്കള്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ വേണമെങ്കില്‍ വിമാനത്തിന് മുകളില്‍ കയറി നിന്ന് 'ഛയ്യ ഛയ്യ' നൃത്തം ചെയ്യാം.''

ഷാരൂഖ് ഖാനൊപ്പം എന്ന് സിനിമ ചെയ്യുമെന്ന് മണിരത്‌നത്തോട് ചോദിക്കുന്നുണ്ട്. താന്‍ എന്ന് വിമാനം വാങ്ങുന്നുവോ അന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ വിമാനം വാങ്ങിതന്നാലോ എന്ന് ഷാരൂഖ് മണിരത്‌നത്തോട് ഉടന്‍ ചോദിച്ചു. എന്നാല്‍ സിനിമ ചെയ്യാം എന്നാണ് മണിരത്‌നം പറഞ്ഞത്. പരിപാടിയില്‍ പങ്കെടുത്ത ആള്‍കൂട്ടത്തില്‍ നിന്ന് വലിയ പൊട്ടിച്ചിരിയാണ് ഉയര്‍ന്നത്.