ഇന്ത്യക്കകത്തും പുറത്തും ഏറെ ആരാധകരുള്ള ബോളിവുഡ് ഗാനമാണ് ദില്‍സേ ചിത്രത്തിലെ ഛയ്യാ ഛയ്യാ എന്ന ഗാനം. ഗാനത്തോടൊപ്പം തന്നെ ഇതിന്റെ നൃത്താവിഷ്‌കാരവും ശ്രദ്ധ നേടിയിട്ടുണ്ട്. ബോളിവു‍ഡ് താരങ്ങളായ മലൈക അറോറയും ഷാരുഖ് ഖാനുമാണ് പാട്ടില്‍ തകര്‍ത്താടിയത്. ​ഗാനത്തിലെ പ്രകടനത്തിന്റെ പേരിൽ മലൈക ഇന്നും പ്രശംസ ഏറ്റുവാങ്ങുന്നുമുണ്ട്. അഭിനയിച്ച സിനിമകളേക്കാളും മലൈകയെ പ്രസിദ്ധയാക്കിയത് ആ ഗാനരംഗമായിരുന്നു. എന്നാല്‍ മലൈകയ്ക്ക് മുമ്പ് നൃത്തം ചെയ്യാനായി അണിയറപ്രവർത്തകർ തന്നെയാണ് സമീപിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശില്‍പ ശിരോദ്കർ. 

To advertise here,

ബിഗ് ബോസ് ഹിന്ദി 18ാം സീസണിലെ വാരാന്ത്യ എപ്പിസോഡിലാണ് ശില്‍പ ഇക്കാര്യം വ്യക്തമാക്കിയത്. വാരാന്ത്യ എപ്പിസോഡിന്റെ അവതാരകയായി എത്തിയത് സംവിധായികയും നൃത്ത സംവിധായികയുമായ ഫറാ ഖാനായിരുന്നു. ഛയ്യാ ഛയ്യാ എന്ന ഗാനത്തിന്റെ നൃത്ത സംവിധാനം നിര്‍വഹിച്ചതും ഇവരായിരുന്നു. ഫറയും മത്സരാര്‍ത്ഥികളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ശില്‍പ ഇക്കാര്യം സഹമത്സരാര്‍ഥികളായ ചും ധരങ്ങിനോടും കരണ്‍വീര്‍ മെഹ്‌റയോടും പറയുന്നത്.

 ഛയ്യ ഛയ്യാ ഗാനം ചെയ്യാനായി ഫറ എന്നെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ അണിയറക്കാര്‍ ഗാനത്തിനായി ഭാരം കുറയ്ക്കാനായും ആവശ്യപ്പെട്ടിരുന്നു. പിന്നീട് 10 ദിവസങ്ങള്‍ക്ക് ശേഷം  അവസരം നഷ്ടമാവുകയായിരുന്നു- ശില്‍പ പറയുന്നു. 

നിങ്ങൾക്ക് വണ്ണംകൂടുതലാണെന്ന് ഫറ പറഞ്ഞതായി ശില്‍പ പറയുന്നു. തന്നെ മാറ്റിയതിന്റെ യഥാര്‍ഥ കാരണം സംവിധായകന്‍ മണിരത്‌നത്തിനും ഫറാഖാനും മാത്രമേ അറിയൂ എന്നു ശില്‍പ പറഞ്ഞുനിര്‍ത്തുന്നു.