
തന്റെ സ്വകാര്യ- വൈവാഹിക ജീവിതത്തേക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹൻദാസ്. കാൻസർ രോഗനിർണയത്തിന് ശേഷമായിരുന്നു താൻ ആദ്യമായി ഒരാളുമായി പ്രണയത്തിലാവുന്നതെന്ന് നടി പറഞ്ഞു. ചികിത്സ ആരംഭിച്ച് ഒരുവർഷത്തിന് ശേഷമായിരുന്നു വിവാഹം. സിനിമാമേഖലയിൽനിന്ന് ഒരാളെ മാത്രമേ ഡേറ്റ് ചെയ്തിട്ടുള്ളൂ. അയാൾ വിവാഹനിശ്ചയം കഴിഞ്ഞത് മറച്ചുവെച്ചായിരുന്നു തന്നെ ഡേറ്റിന് ക്ഷണിച്ചതെന്നും മംമ്ത വെളിപ്പെടുത്തി. ജോസ് ആലുക്കാസിന്റെ 'സെക്കൻഡ് സൺറൈസ്' പോഡ്കാസ്റ്റിൽ സുഹാസിനിയുമായി സംസാരിക്കുകയായിരുന്നു മംമ്ത.
'21-ാം വയസ്സിലാണ് ഞാൻ ആദ്യചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, എപ്പോഴും നിങ്ങൾക്ക് ചുറ്റും ആരെങ്കിലുമുണ്ടാവും. കുടുംബം എപ്പോഴും കൂടെയുണ്ടാവും. ആദ്യസിനിമ ചെയ്യുമ്പോൾ അച്ഛന്റെ മുന്നോട്ടുവെച്ച പ്രധാനനിബന്ധന, അമ്മ എപ്പോഴും കൂടെയുണ്ടാവുമെന്നതായിരുന്നു. കോളേജിലെ രണ്ടാംവർഷം മുതൽ അമ്മ എന്റെ കൂടെക്കൂടി, ഇപ്പോഴും എന്റെകൂടെയുണ്ട്. ചുറ്റും ആളുകൾ ഉണ്ടാവുമ്പോൾ, വ്യക്തിജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റില്ല. ഒരാളെ ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ കണ്ണിൽ കണ്ണിൽ നോക്കി, ദൂരെ നിന്ന് ടെലിപ്പതി വഴിയുള്ള ആശയവിനിമയം മാത്രമേ സാധ്യമാവുകയുള്ളൂ. അന്ന് എനിക്ക് സ്വന്തമായി ഫോൺ ഇല്ലാത്തതിനാൽ, നമ്പർ കൈമാറാൻ പോലും കഴിയില്ല', നടി ഓർത്തെടുത്തു.
'സ്വകാര്യത തീരേയില്ല. കൂടാതെ, ബന്ധങ്ങളെക്കുറിച്ചുള്ള ധാരണകളെല്ലാം ലഭിച്ചത് സിനിമയിൽനിന്ന് മാത്രമാണ്. ഒരു ഞൊടിയിൽ ബന്ധങ്ങൾ ഉണ്ടാവുമെന്നായിരുന്നു മനസിലാക്കിയിരുന്നത്. എന്നാൽ, ശരിക്കും അതങ്ങനെയല്ല. വിവാഹത്തിന് മുമ്പ് ഏതാനും ആണുങ്ങളെ ഞാൻ പരിചയപ്പെട്ടിരുന്നു. കോളേജിൽ ഒരാളെ ഡേറ്റ് ചെയ്തിരുന്നു. അതിനെ പൂർണ്ണാർഥത്തിലെ റിലേഷൻഷിപ്പ് എന്ന് വിളിക്കാൻ പറ്റില്ല. അതെന്റെ അവസാനവർഷത്തിലായിരുന്നു. നിർഭാഗ്യവശാൽ അയാൾ മരണപ്പെട്ടു. ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവർക്കും അത് വലിയ ഞെട്ടലായിരുന്നു. അതേസമയത്താണ്, കരിയർ വളർച്ചയുടെ വേഗത്തിൽ ഞാൻ പെട്ടുപോവുന്നത്. ഞാനറിയാതെ തന്നെ 24 വയസ്സൊക്കെയായി. റിലേഷൻഷിപ്പിന് മുമ്പുതന്നെ എന്റെ കാൻസർ തിരിച്ചറിഞ്ഞു. 2009-ലായിരുന്നു അത്. അർബുദത്തിന് ചികിത്സതുടങ്ങി ഒരുവർഷത്തിന് ശേഷമാണ് വിവാഹം കഴിഞ്ഞത്'- അവർ പറഞ്ഞു.
'റിലേഷൻഷിപ്പുകളിലോ ഡേറ്റിങ്ങിലോ എനിക്ക് പരിചയമില്ലായിരുന്നു. ഒരു ബന്ധത്തിലാവുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. വിവാഹത്തിന് മുമ്പ് വളരെ ചുരുങ്ങിയ സമയം ഞാൻ രണ്ട് പുരുഷന്മാരെ പരിചയപ്പെട്ടിരുന്നു, കാൻസർ ചികിത്സയ്ക്കുശേഷം ഉടനെ. സിനിമയിൽ നിന്ന് ഒരാളെ മാത്രമേ ഞാൻ ഡേറ്റ് ചെയ്തിട്ടുള്ളൂ. എന്നെ ഡേറ്റിന് ക്ഷണിക്കുമ്പോൾ അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഒരുമാസത്തിനുശേഷം അയാളുടെ സഹോദരനിൽനിന്നാണ് ഞാൻ അറിയുന്നത്. എന്തിനാണ് എന്നെ ഡേറ്റിന് ക്ഷണിച്ചതെന്ന് ഞാൻ ചോദിച്ചു. അതിൽ കളവുണ്ടായിരുന്നു. എന്റെ അമ്മയോട് അനുവാദം വാങ്ങിച്ചാണ് ഞാൻ ഡേറ്റിന് പോയത്'- മംമ്ത തുറന്നുപറഞ്ഞു.
'പിന്നീട് മറ്റൊരാളെ ഞാൻ പരിചയപ്പെട്ടു. നാലഞ്ചു ദിവസം കൂടുമ്പോഴാണ് അയാൾ വിളിക്കുക. ഇത് എന്റെ സമയം പാഴാക്കുകയാണല്ലോ എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇരട്ടസഹോദരിയുടെ വിവാഹത്തിലാണ് മുൻ ഭർത്താവ് പ്രജിത്തിനെ കണ്ടുമുട്ടിയത്. സംസാരിച്ചപ്പോൾ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും സമാനമായിരുന്നു. ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു, ഇനി എന്റേതാണ് എന്തുകൊണ്ട് നമുക്ക് വിവാഹിതരായിക്കൂടെന്ന് പ്രജിത് ചോദിച്ചു. അച്ഛനോട് സംസാരിക്കു എന്ന് ഞാനും പറഞ്ഞു അത്രയും സിപിംളായിരുന്നു ആ തീരുമാനം. വിവാഹം ജീവിതകാലം മുഴുവനുള്ള ഉടമ്പടി എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, കല്യാണം കഴിഞ്ഞ് ആറുമാസത്തിന് ശേഷം എനിക്ക് അതിൽനിന്ന് പുറത്തുകടക്കേണ്ടിവന്നു'- മംമ്ത കൂട്ടിച്ചേർത്തു.
Content Highlights: Actress Mamta Mohandas candidly shares her journey of love, her marriage after a cancer diagnosis, and past relationships, revealing intimate details
Published: 14 Feb 2026, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented