
തിയേറ്ററുകളെ ഇളക്കിമറിച്ച് ഷൈലോക്കിന്റെ അസുരതാണ്ഡവം. നില്‍പ്പിലും- നടപ്പിലും, സംസാരത്തിലും- ഇടപെടലിലുമെല്ലാം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത സ്‌റ്റൈലിലും എനര്‍ജിയിലുമാണ് മമ്മൂട്ടിയെത്തിയത്. മെഗാസ്റ്റാറിന്റെ താരമൂല്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരുതരം അഴിച്ചുവിടലാണ് സംവിധായകന്‍ നടത്തിയത്. ഉത്സവാഘോഷത്തോടെ കണ്ടിരിക്കാവുന്ന, ആരാധകരെ ആവേശംകൊള്ളിക്കുന്ന മാസ്സ് രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ഷൈലോക്ക്.
ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച അഭിപ്രായവുമായി ഷൈലോക്ക് കുതിക്കുകയാണ്.
ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ ടിക്കറ്റുകള്‍ വിറ്റുപോയ തിയേറ്ററുകള്‍ക്ക് മുന്‍പിലെല്ലാം റിലീസ് ദിവസം രാത്രി പ്രതിഷേധങ്ങള്‍ തലപൊക്കി. സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റ് കിട്ടാതായതോടെ കൊച്ചിയിലെയും കോഴിക്കോട്ടെയും തിയേറ്ററുകളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ആള്‍ത്തിരക്ക് മുന്നില്‍ക്കണ്ട് പലയിടങ്ങളിലും രാത്രി വൈകി പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.
മമ്മൂട്ടിയുടെ പുതിയചിത്രം പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ ഷൈലോക്കിന്റെ വിജയാഘോഷവും സംവിധായകന്‍ അജയ് വാസുദേവിന്റെ പിറന്നാളോഘോഷവും നടന്നു.
കഴുത്തറപ്പന്‍ പലിശക്കാരന്‍ ബോസായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്, കാശില്ലാതെ ചിത്രീകരണം മുടങ്ങിക്കിടക്കുന്ന സിനിമാനിര്‍മാതാക്കളുടെ കണ്‍കണ്ട ദൈവമാണ് ബോസ്. ഒറ്റവാക്കില്‍ ബോസ് മാസാണ്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ഹൈവോള്‍ട്ടേജ് ചിത്രംകൂടിയാണ് 'ഷൈലോക്ക്.' മുന്‍ ചിത്രങ്ങളുടെ പാതയില്‍ ആക്ഷന്‍ മാസ് രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തവണയും സംവിധായകന്‍ കഥ പറയുന്നത്.
കുട്ടിക്കാലത്തേ നടനാകാന്‍ കൊതിച്ച ബോസിന് സിനിമ എപ്പോഴുമൊരു ഹരമാണ്. അവസരംകിട്ടുന്നിടത്തെല്ലാം അയാള്‍ സിനിമാഡയലോഗിനെ വെല്ലുന്ന സംഭാഷണങ്ങള്‍ പുറത്തെടുക്കും.
കടംകൊടുത്ത പണം തിരിച്ചുചോദിക്കാന്‍ ബോസ് എത്തുന്നതും, അവര്‍ തമ്മിലുള്ള ഉരസലുകളുമെല്ലാം ഹരം പടര്‍ത്തുന്ന സ്‌റ്റൈലില്‍തന്നെയാണ് അവതരിപ്പിക്കുന്നത്. മുതലും പലിശയും തിരിച്ചുനല്‍കാന്‍ കഴിയാത്തവര്‍ക്കുമുന്‍പില്‍ ബോസ് ഷൈലോക്കായി മാറും. പിന്നെ അവരുടെ കാറും വീടും സ്ഥലവുമെല്ലാം ബോസിന് സ്വന്തം.
കഥയ്ക്ക് കരുത്തേകി തമാശയുടെ മേമ്പൊടിയുള്ള പഞ്ച് ഡയലോഗുകള്‍ ചിത്രത്തിലുടനീളം കാണാം,ബോസായുള്ള മമ്മൂട്ടിയുടെ മാനറിസങ്ങളും, തീപാറുന്ന ആക്ഷന്‍രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
സിദ്ദിഖും കലാഭവന്‍ ഷാജോണുമാണ് ഷൈലോക്കിലെ പ്രധാന വില്ലന്‍മാര്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഫെലിക് ജോണായി സിദ്ദിഖും സിനിമാനിര്‍മാതാവ് പ്രതാപവര്‍മയായി ഷാജോണും എത്തുന്നു. ഒരിടവേളയ്ക്കുശേഷം മീന മലയാളത്തിലേക്കെത്തുന്ന സിനിമകൂടിയാണ് ഷൈലോക്ക്. സംവിധായകന്‍ അജയ് വാസുദേവും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ആക്ഷനും നര്‍മസംഭാഷണങ്ങളും ഐറ്റംഡാന്‍സുമെല്ലാമായി ആദ്യപകുതി വേഗത്തില്‍ കടന്നുപോകുന്നു. ബോസ് ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തമിഴകത്തേക്ക് കൊണ്ടുപോകുന്ന ചിത്രത്തിന്റെ രണ്ടാംപകുതി.
അനില്‍ അരശ്, സ്റ്റണ്ട് സില്‍വ, രാജശേഖര്‍, മാഫിയ ശശി, പ്രഭു എന്നിങ്ങനെ അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സിനിമയുടെ സംഘട്ടനങ്ങള്‍ക്ക് പുറകില്‍.
മമ്മൂട്ടിക്കുപുറമേ തമിഴ് നടന്‍ രാജ് കിരണന്‍ ശ്രദ്ധേയമായൊരു വേഷത്തിലുണ്ട്.
ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതം രംഗങ്ങള്‍ക്ക് വേഗം കൂട്ടുന്നു, അനിഷ് ഹമീദ്- ബിബിന്‍ മോഹന്‍ എന്നിവരുടെതാണ് തിരക്കഥ. ഹരിനാരായണന്‍, വിവേക് (തമിഴ്) എന്നിവരുടെതാണ് ഗാനരചന.
ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഷൈലോക്ക് നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Mammootty Shylock Movie, Ajai Vasudev
Published: 25 Jan 2020, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented