കോട്ടയം: സിനിമ, സംസ്കാരവും ദയയും മനുഷ്യത്വവും പഠിപ്പിച്ചെന്ന്‌ നടൻ മമ്മൂട്ടി. മഹാത്‌മാഗാന്ധി സർവകലാശാലയിൽ ചടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കറിൽനിന്ന്‌ ഓണററി ഡോക്‌ടറേറ്റ്‌ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

‘‘സിനിമ എനിക്ക്‌ പോരാടാനുള്ള ധൈര്യം തന്നു. നിരാശകളെ അലിയിച്ചുകളഞ്ഞു. നടനാകുകയെന്നത്‌ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. 45 കൊല്ലം മുമ്പ് അത്‌ നേടിയെങ്കിലും ഇന്നും സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ്‌.

മഹാത്മാഗാന്ധി സർവകലാശാല സമ്മാനിച്ച ഈ ബഹുമതി എന്നെ വിനയാന്വിതനാക്കുന്നു. എന്നെ ഒരു ഡോക്‌ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം. അത് സാധിച്ചില്ല. ഇപ്പോൾ മൂന്നാംതവണയാണ്‌ എനിക്ക്‌ ഡോക്‌ടറേറ്റ്‌ ബഹുമതി കിട്ടുന്നത്‌. ഇതുകൊണ്ട് ചികിത്സിക്കാനാകില്ലെങ്കിലും കഴിഞ്ഞ 45 കൊല്ലമായി വിനോദം പകർന്ന് ഞാൻ നിങ്ങളെ ചികിത്സിക്കുകയായിരുന്നു. അവസാന ശ്വാസംവരെ അത് തുടരും. നിങ്ങൾ നൽകിയ വലിയ പിന്തുണയ്ക്ക്‌ നന്ദി’’-മമ്മൂട്ടി പറഞ്ഞു.

നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രമുഖ വാസ്‌കുലാർ സർജനും ചെത്തിപ്പുഴ സെയ്‌ന്റ്‌ തോമസ്‌ ആശുപത്രി മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്ററുമായ ഡോ. എൻ. രാധാകൃഷ്‌ണൻ എന്നിവർക്കും ഓണററി ഡോക്‌ടറേറ്റ്‌ സമ്മാനിച്ചു.

മമ്മൂട്ടിക്കും തിരുവിഴക്കും ഡോക്‌ടർ ഓഫ്‌ െലറ്റേഴ്‌സ്‌ ബിരുദവും (ഡി.ലിറ്റ്‌.) ഡോ. രാധാകൃഷ്‌ണന്‌ ഡോക്‌ടർ ഓഫ്‌ സയൻസ്‌ (ഡി.എസ്‌‌സി.) ബിരുദവുമാണ്‌ സമ്മാനിച്ചത്‌. മമ്മൂട്ടിയെ കേരള, കാലിക്കറ്റ് സർവകലാശാലകൾ മുമ്പ്‌ ഡി.ലിറ്റ്‌ ബിരുദം നൽകി ആദരിച്ചിട്ടുണ്ട്‌. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള മനോഭാവം വിദ്യാഭ്യാസത്തിലൂടെ ലഭിക്കണമെന്ന്, ബിരുദദാനം നിർവഹിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ പറഞ്ഞു.

നാം ആദരിച്ച മൂന്നുപേരും അവരുടെ നേട്ടങ്ങൾ സ്വന്തം മികവിലാണെന്ന്‌ പറയുന്നില്ല. സമൂഹത്തിന്റെ പിന്തുണയാണ്‌ തങ്ങളുടെ നേട്ടങ്ങൾക്ക്‌ കാരണമായി പറയുന്നത്‌. അവരുടെ മഹത്വമാണ്‌ ഇത്‌ കാണിക്കുന്നത്‌. സർവകലാശാലയ്ക്ക്‌ കിട്ടുന്ന ആദരമാണ്‌ ഇവർക്ക്‌ നൽകുന്ന ബഹുമതി -ഗവർണർ പറഞ്ഞു.