72-ാമത് ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഒരിക്കൽ കൂടി കേരളത്തിന്റെ മണ്ണിലേക്ക് മികച്ച നടനുള്ള പുരസ്‌കാരം കൊണ്ടുവന്നിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലൂടെയാണ് മമ്മൂട്ടി 74-ാം വയസിൽ തന്റെ നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.

To advertise here,

1989-ൽ എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധായകൻ ഹരിഹരൻ ഒരുക്കിയ ഒരു വടക്കൻ വീരഗാഥ, വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയെ ആധാരമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത  മതിലുകൾ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയത്.

1993-ൽ രണ്ടാമത്തെ ദേശീയ പുരസ്‌കാരത്തിന് മമ്മൂട്ടിയെ വീണ്ടും അർഹനാക്കിയ രണ്ട് ചിത്രങ്ങളിൽ ഒരെണ്ണം ഒരുക്കിയതും അടൂർ ഗോപാലകൃഷ്ണൻ തന്നെയായിരുന്നു. പോൾ സക്കറിയയുടെ കഥയെ ആധാരമാക്കി സംവിധാനം ചെയ്ത വിധേയൻ ഇന്നും ആരാധകരുടേയും സിനിമാ നിരൂപകരുടേയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.

സി.വി. ശ്രീരാമന്റെ കഥയെ ആധാരമാക്കി ടി.വി. ചന്ദ്രൻ ഒരുക്കിയ പൊന്തൻമാടയാണ് അദ്ദേഹത്തെ ആ വർഷത്തെ ദേശീയ പുരസ്‌കാരത്തിന് അർഹമാക്കിയ രണ്ടാമത്തെ ചിത്രം. 1999-ൽ, ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതത്തെ ആധാരമാക്കി ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ. ബാബാ സാഹേബ് അംബേദ്കർ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി മൂന്നാമതും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മലയാളത്തിന്റെ മണ്ണിൽ എത്തിച്ചത്.

25 വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടിയെ തേടി വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം എത്തുന്നത്. ഭ്രമയുത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ച ഷെഹ്നാദ് ജലാലാണ് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 

എആർഎം എന്ന ചിത്രത്തിലെ 'അങ്ങു വാന കോണില്...' എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള തന്റെ ആദ്യത്തെ ദേശീയപുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. നേരത്തെ, 2013-ൽ മികച്ച ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹയായിരുന്നു. ഫാസിൽ മുഹമ്മദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഫെമിനിച്ചി ഫാത്തിയമാണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.