മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചും നന്ദിയറിയിച്ചും മമ്മൂട്ടി. സോഷ്യൽ മീഡിയാ കുറിപ്പിലൂടെയാണ് മമ്മൂട്ടി തന്റെ പ്രതികരണം അറിയിച്ചത്. പുരസ്കാര ജേതാക്കളായ മറ്റുള്ളവരെ അദ്ദേഹം പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്തു. തന്നെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയ ഭ്രമയുഗം എന്ന ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അദ്ദേഹം പ്രത്യേകം നന്ദിയറിയിച്ചു.

To advertise here,

"കേരള സംസ്ഥാന അവാർഡ് ജേതാക്കളായ ഷംല ഹംസ, ആസിഫ്, ടൊവിനോ, സൗബിൻ, സിദ്ധാർത്ഥ്, ജ്യോതിർമയി, ലിജോ മോൾ, ദർശന, ചിദംബരം എന്നിവർക്കും, മഞ്ഞുമ്മൽ ബോയ്സ്, ബോഗൻവില്ല, പ്രേമലു എന്നീ സിനിമകളുടെ മുഴുവൻ അണിയറപ്രവർത്തകർക്കും മറ്റ് എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എനിക്ക് അവിസ്മരണീയമായ ഒരനുഭവം സമ്മാനിച്ച 'ഭ്രമയുഗം' ടീമിന് വലിയ നന്ദി. കൊടുമൺ പോറ്റിയെ ഇത്രയധികം സ്നേഹത്തോടെ നെഞ്ചേറ്റിയ പ്രേക്ഷകർക്ക് ഈ അംഗീകാരം വിനയത്തോടെ സമർപ്പിക്കുന്നു." മമ്മൂട്ടിയുടെ വാക്കുകൾ.

'കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്ക്കരിച്ച ഭാവാഭിനയ മികവിന്, താരപദവിയും പ്രതിഛായയും മറന്ന് ഉടലിനെ അഭിനയ പരീക്ഷണത്തിന്റെ ഉപാധിയാക്കാൻ എടുത്തണിഞ്ഞ പ്രതിനായക വേഷത്തിലെ പകർന്നാട്ട പൂർണതയ്ക്ക്...' എന്നാണ് മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതിനെക്കുറിച്ച് ജൂറി പറഞ്ഞത്.

റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭ്രമയുഗം. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെ സിദ്ധാർത്ഥ് ഭരതൻ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.