രണ്ട് ഹാഫ് ബ്ലഡ് വാമ്പയറുകളെ കേന്ദ്രീകരിച്ചുള്ള കഥയിൽ, റോഡ് ആക്ഷൻ, റിവെഞ്ച്, വാമ്പയർ ആശയങ്ങൾ എന്നിവ കോർത്തിണക്കിയിരിക്കുന്നു. പ്രവീൺ വിശ്വനാഥ് ആണ് ചിത്രം രചിച്ചിരിക്കുന്നത്.

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ഒരുക്കിയ മലയാളം വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം 'ഹാഫ്' പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. സെപ്റ്റംബറിൽ ആണ് ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറുന്നത്. ചിത്രം നോർത്ത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും എക്സൽ എന്റർടൈൻമെന്റും AA ഫിലിംസും ചേർന്നാണ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മിഡ്നൈറ്റ് മാഡ്‌നെസ്സ് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംജാദ് ആണ്. ആൻ സജീവും സജീവ് P.K. യും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, രണ്ട് ഹാഫ് ബ്ലഡ് വാമ്പയറുകളെ കേന്ദ്രീകരിച്ചുള്ള കഥയിൽ, റോഡ് ആക്ഷൻ, റിവെഞ്ച്, വാമ്പയർ ആശയങ്ങൾ എന്നിവ കോർത്തിണക്കിയിരിക്കുന്നു. പ്രവീൺ വിശ്വനാഥ് ആണ് ചിത്രം രചിച്ചിരിക്കുന്നത്.
എഎ ഫിലിംസിൻ്റെ സഹകരണത്തോടെ എക്സൽ എൻ്റർടെയ്ൻമെൻ്റ് ഉത്തരേന്ത്യയിലുടനീളം ഹിന്ദിയിൽ ചിത്രം അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. മലയാള ചലച്ചിത്രമേഖലയുമായുള്ള എക്സൽ എൻ്റർടെയ്ൻമെൻ്റിൻ്റെ ആദ്യ സഹകരണമാണിത്. എക്സൽ എൻ്റർടെയ്ൻമെൻ്റിൻ്റെ സഹസ്ഥാപകനായ റിതേഷ് സിധ്വാനി 'ഹാഫ്' എന്ന ചിത്രത്തെ കുറിച്ച് പറയുന്നത്, വ്യത്യസ്തമാകാൻ ധൈര്യപ്പെടുന്ന സിനിമകളിൽ താൻ എപ്പോഴും ആവേശഭരിതനാണ് എന്നാണ്. ആദ്യ കാഴ്ചയിൽ തന്നെ ഹാഫ് വേറിട്ടുനിൽക്കുന്നു എന്നും, ഇതിന് സവിശേഷമായ സിനിമാറ്റിക് ശബ്ദവും ശക്തമായ സൃഷ്ടിപരമായ കാഴ്ചപ്പാടും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതിന്റെ മുന്നോട്ടുള്ള യാത്രയെ പിന്തുണയ്ക്കുന്നതിൽ താൻ സന്തുഷ്ടനാണ് എന്നും, ഈ ശ്രദ്ധേയമായ ചിത്രം വലിയ സ്ക്രീനിൽ കാണാനെത്തുന്ന പ്രേക്ഷകർക്കായി താൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സൽ എൻ്റർടെയ്ൻമെൻ്റിൻ്റെ സഹസ്ഥാപകൻ ഫർഹാൻ അക്തർ പറയുന്നത് സംജാദിന്റെ അവതരണത്തിലെ വളരെ പച്ചയായതും വൈകാരികവുമായ എന്തോ ഒന്ന് തന്റെ ശ്രദ്ധ ആകർഷിച്ചു എന്നാണ്. അത് നിങ്ങളെ ഏറെ ആകർഷിക്കുകയും മനസ്സിൽ നിന്ന് മാഞ്ഞു പോകാതെ പിന്തുടരുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിലേക്ക് എത്താൻ സാധിച്ചതിലും അത് പ്രേക്ഷകരിലേക്ക് കൊണ്ട് പോകാൻ സാധിക്കുന്നതിലും തനിക്ക് വലിയ ആവേശമുണ്ട് എന്നും അദ്ദേഹം പറയുന്നു.
രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച 2024 ലെ മർഡർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ഗോളത്തിനു ശേഷം, ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ്, സംജാദ്, പ്രവീൺ വിശ്വനാഥ് എന്നിവരുടെ രണ്ടാമത്തെ സഹകരണമാണ് ഹാഫ് എന്ന ചിത്രം. ചിത്രത്തിന്റെ ആഗോള റിലീസ് തീയതി ഉടൻ അറിയിക്കുമെന്നും നിർമ്മാതാക്കൾ പറഞ്ഞു.
ദി റെയ്ഡ് 2, ദി നൈറ്റ് കംസ് ഫോർ അസ് എന്നിവ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ആക്ഷൻ കൊറിയോഗ്രാഫർ വെരി ട്രൈ യുലിസ്മാൻ ആണ് ഈ ചിത്രത്തിനും ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. രഞ്ജിത് സജീവിനെയും ഐശ്വര്യ രാജിനെയും ചിത്രത്തിനായി യുലിസ്മാൻ നിരവധി മാസങ്ങൾ പരിശീലിപ്പിക്കുകയും അഭിനേതാക്കളെ അവരുടെ സ്വന്തം സ്റ്റണ്ടുകളും ആക്ഷൻ സീക്വൻസുകളും അവതരിപ്പിക്കാൻ തയ്യാറാക്കുകയും ചെയ്തു. യുലിസ്മാന്റെ ടീമിലെ അംഗങ്ങൾ അടുത്തിടെ ഹിറ്റായ ആക്ഷൻ ത്രില്ലറായ ദി ഫ്യൂരിയസിൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ ആക്ഷൻ സിനിമകളുടെ സാധാരണ ശൈലിയിൽ നിന്ന് വ്യത്യസ്തമായി, ഹാഫിൽ സീറോ സ്ലോ-മോഷൻ ആക്ഷൻ സീക്വൻസുകൾ ആണ് ഒരുക്കിയിരിക്കുന്നത്.
ദേശീയ അവാർഡ് ജേതാവായ എഡിറ്റർ മഹേഷ് ഭുവനേന്ദ്, ദേശീയ അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ഛായാഗ്രാഹകൻ പാപ്പിനു, സംഗീതസംവിധായകൻ മിഥുൻ മുകുന്ദൻ, ദേശീയ അവാർഡ് ജേതാവായ സൌണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുള്ളത്.
രാജസ്ഥാനിലെ മരുഭൂമികൾ, കേരളത്തിലെ ഹിൽ സ്റ്റേഷനുകൾ, കസാക്കിസ്ഥാനിലെ മഞ്ഞുമൂടിയ ഭൂപ്രദേശങ്ങൾ എന്നിവയുൾപ്പെടെ 117 ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ച ഹാഫ്, ഒരു വിശാലമായ ഒരു ലോകം ആണ് പ്രേക്ഷകർക്ക് മുന്നിൽ സൃഷ്ടിക്കുന്നത്. ഒരു പാൻ-ഇന്ത്യൻ സിനിമാ അനുഭവമായി വിഭാവനം ചെയ്ത ഈ ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും.
നേച്ചർ ഫിലിം ക്രിയേഷൻസിനെ സംബന്ധിച്ചിടത്തോളം, വ്യത്യസ്ത തരത്തിലുള്ള വലിയ ചിത്രങ്ങളിലേക്കുള്ള ചുവടു വെപ്പാണ് 'ഹാഫ്' എന്ന ചിത്രം. മോഹൻലാൽ നായകനായ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ഈ നിർമ്മാണ കമ്പനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2026 സൺഡാൻസ് ജേതാവ് ജോസഫൈൻ, ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ലിറ്റിൽ അമേലി ഓർ ദി ക്യാരക്ടർ ഓഫ് റെയിൻ എന്നിവയുൾപ്പെടെ ഇന്ത്യൻ വിപണിയിലേക്കുള്ള അന്താരാഷ്ട്ര ഏറ്റെടുക്കലുകളിലേക്കും ഈ നിർമ്മാണ കമ്പനിയുടെ സമീപകാല പ്രവർത്തനം വ്യാപിച്ചിട്ടുണ്ട്. പിആർഒ- ശബരി.
Content Highlights: Malayalam vampire road-action thriller Haaf, starring Ranjith Sajeev and Amala Paul and directed by Samjad, is set to make its premier at the prestigious Toronto International Film Festival's Midnight Madness section, with Farhan Akhtar's Excel Entertainment handling its North Indian release.
Published: 07 Aug 2026, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented