​ഗംഭീര തിരിച്ചുവരവ് നടത്തി കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. ജയിലറിന്റെ മിമിക്രി സ്പൂഫ് വീഡിയോയുമായാണ് മഹേഷ് എത്തിയിരിക്കുന്നത്. സിനിമയിലെ താരങ്ങളുടെ ശബ്ദം പുതിയ വീഡിയോയിൽ അനുകരിക്കുന്നുണ്ട്.

To advertise here,

നിരവധിപേരാണ് കുഞ്ഞുമോന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്. മിമിക്രിയെക്കാളും മഹേഷിനെ പഴയതു പോലെ കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് ആളുകൾ കുറിച്ചു. മഹേഷിന്റെ കഴിവ് ഒരു അപകടത്തിനും കൊണ്ട് പോകാൻ കഴിയില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. വിനായകനേയും ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയേയും ബാലയേയും ഒക്കെ വീഡിയോയിൽ മഹേഷ് അനുകരിക്കുന്നുണ്ട്. 

കുറെ നാളുകൾക്ക് ശേഷമാണ് ഒരു വീഡിയോയുമായി മഹേഷ് കുഞ്ഞുമോൻ എത്തുന്നത്. രണ്ടുമാസത്തോളമായി വീട്ടിൽ തന്നെയായിരുന്നുവെന്നും പരിപാടിയൊന്നുമില്ലായിരുന്നെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. ഇനിയും ഓപ്പറേഷനുകള്‍ ബാക്കിയുണ്ടെന്നും ചികിത്സ നടക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. 

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ ഒരാളായിരുന്നു മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍. മുഖത്തും കയ്യിലും സാരമായി പരിക്കുകളോടെയാണ് മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് മഹേഷ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. പല്ലുകള്‍ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. 

ജൂണ്‍ 5 ന് പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു  അപകടം സംഭവിച്ചത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സുധി, നടന്‍ ബിനു അടിമാലി, ഡ്രൈവര്‍ ഉല്ലാസ്, മഹേഷ് എന്നിവര്‍. എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഠിനപ്രയത്‌നത്തിലൂടെ മിമിക്രിരംഗത്ത് പ്രശസ്തിനേടിയ താരമാണ് മഹേഷ്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് അദ്ദേഹം. വിക്രം എന്ന സിനിമയുടെ മലയാളം പതിപ്പില്‍ കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ തുടങ്ങി ഏഴ് താരങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തത് മഹേഷാണ്.