ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടേയും അതിനെതിരായ പോലീസ് നടപടിയുടേയും പശ്ചാത്തലത്തിൽ പ്രതികരണവുമായി നടൻ മാധവ് സുരേഷ്. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കുമേൽ ബലപ്രയോഗം നടത്തുകയാണെന്ന് മാധവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം വിദ്യാർഥികളെ രാഷ്ട്രീയലക്ഷ്യത്തോടെ കരുവാക്കുകയാണെന്നും മാധവ് ആരോപിച്ചു. തനിക്ക് രാഷ്ട്രീയമൊന്നുമില്ലെന്നും സമരവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ പ്രതികരണം പ്രതീക്ഷിക്കുന്നവർ നിരാശരാവേണ്ടി വരുമെന്നും മാധവ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ കൂടിയായ നടന്റെ പ്രതികരണം.

To advertise here,

'ഇവിടെ സംഭവിക്കുന്നത് കുഴപ്പം പിടിച്ച കാര്യങ്ങളാണ്. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കുമേൽ ബലപ്രയോഗം നടത്തുന്നു. ഭരിക്കുന്നവരുമായി ആരോഗ്യകരമായ മത്സരത്തിന് നേതൃത്വം നൽകേണ്ടവർ ജനങ്ങളെ വഞ്ചിച്ച് അവരുടെ അജൻഡ നടപ്പാക്കുന്നു. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ രാജ്യത്തെ സാധാരണക്കാരാണ് പരാജയപ്പെടുന്നത്.' മാധവ് അഭിപ്രായപ്പെട്ടു.

'ഇതിനെല്ലാം സമാധാനപരമായ പരിഹാരം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഇപ്പോഴത് അസാധ്യമെന്നാണ് തോന്നുന്നത്. രാജ്യമാണ് എപ്പോഴും വലുത്.' നടൻ വ്യക്തമാക്കി.

'എന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ സെലിബ്രിറ്റി പ്രതികരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ സ്വാഭാവികമായും നിരാശരാകും. കണ്ണുതുറന്ന് എന്താണ് നടക്കുന്നതെന്ന് കാണൂ. വിദ്യാർഥികളെ ഒരുവിഭാഗം ആക്രമിക്കുന്നു, മറ്റൊരു വിഭാഗം അവരെ കരുവാക്കുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശരിക്കും ചിന്തയുണ്ടെങ്കിൽ ഒരിക്കലും ഇതൊരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റില്ല. ഓരോ ഇന്ത്യക്കാരനും ഇത് മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’ മാധവ് കുറിച്ചു.

'അനാവശ്യമായ മോശം സന്ദേശങ്ങൾക്കുള്ള മറുപടി അതേ ഭാഷയിലായിരിക്കും. ഇന്ത്യയോടുള്ള സ്‌നേഹത്തേക്കാൾ വലുതാണ് ബി.ജെ.പിയോട് ചിലരുടെ വിരോധമെന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ അപൊളിറ്റിക്കൽ ആണ്. സ്വന്തം താത്പര്യങ്ങൾക്കപ്പുറം രാജ്യത്തിന് മുൻഗണന നൽകുന്ന ഒരു പാർട്ടി രൂപവത്കരിക്കപ്പെടുന്നതുവരെ ഞാൻ അങ്ങനെ തുടരും.' മാധവ് സുരേഷ് കൂട്ടിച്ചേർത്തു.