തനിക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണങ്ങളുടെ ലക്ഷ്യം അച്ഛനാവാമെന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. വീട്ടിലുള്ള അമ്മയേയും സഹോദരിമാരേയും പോലും അധിക്ഷേപിക്കുന്നു. തനിക്ക് ഒരു പാർട്ടിയോടും ഇഷ്ടക്കൂടുതലില്ല. സിനിമാ നിരൂപണം എന്നതിലുപരി പല യൂട്യൂബർമാരും അവഹേളിക്കുന്നതുപോലെയാണ് സംസാരിക്കുന്നതെന്നും മാധവ് സുരേഷ് ആരോപിച്ചു. അങ്കം അട്ടഹാസം സിനിമയെ തകർക്കാൻ ശ്രമങ്ങളുണ്ടായെന്ന് ആരോപിച്ച് നിർമാതാവ് അനിൽ കുമാറിനൊപ്പം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാധവ്.

To advertise here,

'അങ്കം അട്ടഹാസം ഒരു ആക്ഷൻ ത്രില്ലറാണ്. ക്ലൈമാക്‌സ് റിവ്യൂകൾ വഴി യൂട്യൂബിലൂടെ വെളിപ്പെട്ടുകഴിഞ്ഞാൽ സിനിമ എടുത്തതിന്റെ ആവശ്യം തന്നെ ഇല്ലാതാവും. സ്വതന്ത്ര നിർമാതാവാണ് ചിത്രത്തിന്റേത്. കോർപ്പറേറ്റ് ഫണ്ടിങ് അല്ല. അദ്ദേഹം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കിയെടുത്ത സിനിമയ്ക്ക് കളക്ഷൻ ലഭിക്കേണ്ട സമയത്ത് അതുമുടക്കുന്ന രീതിയിലാണ് റിവ്യൂകൾ വന്നത്', ചിത്രത്തെക്കുറിച്ച് മാധവ് സുരേഷ് പറഞ്ഞു.

'പ്രേക്ഷകർ എന്റെ അഭിനയത്തേയോ സിനിമയേയോ കണ്ട് നെഗറ്റീവായോ പോസിറ്റീവായോ വിലയിരുത്തിയതുകൊണ്ടല്ല ഞങ്ങൾ ഇങ്ങനെ പറയുന്നത്. ഖത്തറിൽ ഉള്ളയാൾ റിവ്യൂ പറഞ്ഞു. ഞങ്ങളുടെ സിനിമ അവിടെ ഇറങ്ങിയിട്ടില്ല. ഒന്നുകിൽ അയാൾ വ്യാജപതിപ്പായിരിക്കും കണ്ടത്. അല്ലെങ്കിൽ സിനിമ കണ്ടിട്ടുണ്ടാവില്ല. എന്നിട്ടും ഇങ്ങനെ ഒരു റിവ്യൂ പറയാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായില്ല. ചില തിയേറ്ററുകളിൽ ആദ്യപകുതി കണ്ട അണിയറപ്രവർത്തർ പോയി പറഞ്ഞ ശേഷം രണ്ടാം പകുതിയിലാണ് ചിത്രത്തിന്റെ ഓഡിയോ- വിഷ്വൽ ക്വാളിറ്റി യഥാർഥ നിലയിലേക്ക് വന്നത്. തിയേറ്റർ ഉടമകളുമായി ഞാൻ സംസാരിക്കും. നടനെന്ന നിലയിൽ എനിക്ക് അവരുടെ പിന്തുണ ആവശ്യമാണ്. അവർ ചിലപ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞുകാണില്ല', നടൻ വ്യക്തമാക്കി.

'റിവ്യൂ പോലയല്ല, അവഹേളിക്കുന്ന പോലെയാണ് പല യൂട്യൂബേഴ്‌സും സംസാരിക്കുന്നത്. അത് ഈയൊരു ചിത്രത്തിൽ മാത്രമല്ല സംഭവിച്ചിരിക്കുന്നത്. ഞാനൊരു വലിയ നടനാണെന്ന് ഇതുവരെ ആരോടും അവകാശപ്പെട്ടിട്ടില്ല. ഈ മേഖലയിൽ പഠിച്ച്, എന്റെ പണി ചെയ്തുപോവാൻ ശ്രമിക്കുന്ന ആളാണ്. പല രീതിയിൽ, സെൻസില്ലാതെ ആളുകൾ പറയുന്നു. രാഷ്ട്രീയപരമായോ, വേറെ കാരണംകൊണ്ടോ, വ്യക്തിപരമായോ ഒക്കെയാവാം. എനിക്കെതിരേ പറയുമ്പോൾ, എന്റെ ജോലിയെ മാത്രമല്ല ബാധിക്കുന്നത്. സ്വന്തം കാശുമുടക്കി നിർമിച്ച നിർമാതാക്കളേയും സംവിധായകനേയുമൊക്കെയാണ് ബാധിക്കുന്നത്. അവരോട് ചെയ്യുന്നത് ശരിയല്ല. ഒരു നെപോ പ്രൊഡക്ടാണ് പറയുന്നത്. എന്റെ കൈയിൽനിന്ന് എടുത്ത് നിർമാതാവിനെ സഹായിക്കാവുന്ന അവസ്ഥപോലുമല്ല. എന്നോടുള്ള ഇഷ്ടക്കുറവുകൊണ്ട് വേറൊരാളുടെ കഷ്ടപ്പാടിനെ ഇല്ലാതാക്കരുത്', മാധവ് അഭ്യർഥിച്ചു.

'എന്റെ അച്ഛനേയും അമ്മയേയും ചേച്ചിമാരേയും വരെ അധിക്ഷേപിക്കുന്നുണ്ട്. അച്ഛൻ ഒരു പൊതുപ്രവർത്തകനാണ്, പറഞ്ഞോട്ടെ. എന്നെ ഒരു രാഷ്ട്രീയപ്പാർട്ടിയുമായി- അച്ഛൻ മന്ത്രിയായി ഇരിക്കുന്ന പാർട്ടിയുമായി- ബന്ധപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ഒരു രാഷ്ട്രീയപ്പാർട്ടിയോടും ഇഷ്ടക്കൂടുതലില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നല്ല വ്യക്തികൾ ഏതുപാർട്ടിയിൽ വന്നാലും ഞാൻ പിന്തുണയ്ക്കും. അത് ഏത് പാർട്ടിയാണെന്ന് എനിക്ക് നോക്കേണ്ട ആവശ്യമില്ല. എനിക്ക് എന്റെ സംസ്ഥാനവും രാജ്യവുമാണ് വലുത്', മാധവ് വ്യക്തമാക്കി.

'അച്ഛനെ ലക്ഷ്യമിട്ട് വരുന്നതാവാം, അത് എന്റെ ജോലിയെ ബാധിക്കാൻ തുടങ്ങി. ആരോട് എന്തുപറയണം എന്നുപോലും എനിക്ക് അറിയില്ല. എന്താണ് എനിക്കൊരു പോംവഴി എന്ന് ഞാൻ നിങ്ങളോടും പ്രേക്ഷകരോടും ചോദിക്കുകയാണ്. ആത്മാർഥമായി എന്റെ ജോലി ചെയ്തു ജീവിച്ചുപോവാൻ ശ്രമിക്കുന്ന ആളാണ് ഞാൻ', നടൻ കൂട്ടിച്ചേർത്തു.