ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമനിക് അരുണ്‍ സംവിധാനംചെയ്ത 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര' ബോക്‌സ് ഓഫീസില്‍ മഹാവിജയം കുറിച്ച് മുന്നേറുകയാണ്. ഓണം റിലീസുകളില്‍ ഏറ്റവും മുന്നിലുള്ള ചിത്രം ഇപ്പോള്‍ 503 സ്‌ക്രീനുകളിലാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കുള്ള ഓണസമ്മാനമായി ചിത്രത്തിലെ 'ശോക മൂകം' എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. 

To advertise here,

'ബോയ്‌സ് ആന്തം' എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ.കെ. ഈണം പകര്‍ന്ന ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാറാണ്. ബെന്നി ദയാല്‍, പ്രണവം ശശി ജേമൈമ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് സംഗീത സംവിധായകന്‍ ജെ.കെയും ശബ്ദം നല്‍കിയിട്ടുണ്ട്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

റിലീസ് ചെയ്ത ആദ്യ ആഴ്ചതന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയില്‍ നായികാ  പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് ഇതിലൂടെ 'ലോക' നേടിയത്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ട്രെന്‍ഡിങ് ആയി തുടരുകയാണ്. 

'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അതിഥി വേഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

പാന്‍ ഇന്ത്യന്‍ ഹിറ്റായി മുന്നേറുന്ന 'ലോക' കേരളത്തില്‍ വേഫെറര്‍ ഫിലിംസ് എത്തിച്ചപ്പോള്‍, റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ വിതരണം ചെയ്തിരിക്കുന്നതും വമ്പന്‍ വിതരണക്കാരാണ്. തമിഴില്‍ എജിഎസ് സിനിമാസ്, കര്‍ണാടകയില്‍ ലൈറ്റര്‍ ബുദ്ധ ഫിലിംസ്, നോര്‍ത്ത് ഇന്ത്യയില്‍ പെന്‍ മരുധാര്‍, തെലുങ്കില്‍ സിതാര എന്റെര്‍റ്റൈന്മെന്റ്‌സ് എന്നിവരാണ് ചിത്രം എത്തിച്ചത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റര്‍- ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍, കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്- റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ., അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആര്‍ഒ- ശബരി.