ആലപ്പുഴ: അടച്ചിടലിൽ വെള്ളിത്തിര ആകെ ശോകസീനിലാണെങ്കിലും അവർ കഥയെഴുതുകയാണ്. അതെ, സിനിമാ മേഖലയിൽ ഇപ്പോൾ കാര്യമായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അത് എഴുത്തുമാത്രം. തിരക്കഥാകൃത്തുക്കളും സിനിമാ മോഹവുമായി നടക്കുന്നവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നു. ചില നിർമാണക്കമ്പനികൾ ഇക്കാലത്ത് കഥകൾ ക്ഷണിച്ച് എഴുത്തുകാർക്ക് പ്രോത്സാഹനവുമായി എത്തിക്കഴിഞ്ഞു.

To advertise here,

ജൂഡിന്റെ പോസ്റ്റും ആയിരം കഥകളും

സംവിധായകനും നടനുമായ ജൂഡ് ആന്റണി എഫ്.ബി.യിൽ കഥകൾ ക്ഷണിച്ച് ഒരു പോസ്റ്റിട്ടു. ജൂഡിനെപ്പോലും ഞെട്ടിച്ച് ആയിരത്തിലധികം കഥകളാണ് ഇൻബോക്സിലെത്തിയത്. ജൂഡിനിപ്പോൾ കഥ വായിക്കാനേ സമയമുള്ളൂ. 900 കഥകളെങ്കിലും ജൂഡ് വായിച്ചുതീർത്തു!

തങ്കം പൂർത്തിയാക്കി ശ്യാം പുഷ്‌കരൻ

അടുത്ത ചിത്രമായ ‘തങ്ക’ത്തിന്റെ രചന പൂർത്തിയാക്കി ശ്യാം പുഷ്‌കരൻ. ക്രൈം ഡ്രാമയാണ് ‘തങ്കം’. ഇപ്പോൾ വീട്ടിൽ സ്വസ്ഥം. ഫഹദ് ഫാസിൽ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്താണ്.

പുതിയ ആശയങ്ങൾ തേടി ഗിരീഷ്

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ എ.ഡി. ഗിരീഷും ഇപ്പോൾ ചിന്തയുടെ ലോകത്താണ്. ഒരു തിരക്കഥയെഴുതി പൂർത്തിയാക്കിയിരുന്നു. അതിന്റെ ചിത്രീകരണം തുടങ്ങാനിരിക്കേയാണ് ലോക്‌ഡൗണായത്. ‘‘ഇപ്പോൾ ഒത്തിരി സമയമുണ്ടല്ലോ. അതിനാൽ ഓരോ സീനും വായിച്ച് കൂടുതൽ നന്നാക്കാൻ ശ്രമിക്കുകയാണ്’’ -ഗിരീഷ് പറയുന്നു.

Content Highlights: script writers busy with stories during Lock Down, Malayalam Cinema, Syam Pushkaran, Thankam, A.D Gireesh