വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ വന്‍ പരാജയമായിരിക്കുകയാണ്.  ഏറെ പ്രതീക്ഷകളോടെ ആഗസ്റ്റ് 25 ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം റെക്കോഡ് വരുമാനം നേടിയെങ്കിലും രണ്ടാം ദിനമായപ്പോഴേക്കും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ 77 ശതമാനവും ഹിന്ദി ബെല്‍റ്റിന്‍  50 ശതമാനവും വരുമാനം ഇടിഞ്ഞു. ഒരാഴ്ച പിന്നിടുമ്പോള്‍ ഒട്ടേറെ ഷോകള്‍ റദ്ദാക്കിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. വിതരണക്കാരും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചിത്രത്തിനായി നിക്ഷേപിച്ച തുകയുടെ 65 ശതമാനത്തിലേറെ നഷ്ടം സംഭവിച്ചതായി വിതരണക്കാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹൈദരാബാദില്‍ തങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സംവിധായകന്‍ വാക്ക് നല്‍കിയതായി വിതരണക്കാര്‍ പറയുന്നു. 

To advertise here,

ഇന്ത്യയില്‍ 3000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത് ചിത്രം. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍, മൈക്ക് ടൈസണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസിന് തൊട്ടുമുന്‍പേ വിവാദങ്ങളില്‍ ചിത്രം ഇടം നേടിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ചിത്രം ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നു. അതില്‍ വിജയ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. 

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കരണ്‍ ജോഹറാണ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. അന്ന് മുതല്‍ തന്നെ കരണിന്റെ സിനിമ കാണരുതെന്ന് ആവശ്യപ്പെട്ട് ബഹിഷ്‌കരണാഹ്വാനം ഉണ്ടായിരുന്നു. ലൈഗറിനെതിരേ കരണ്‍ വിരോധികളും സിനിമയ്‌ക്കെതിരേ രംഗത്ത് വരികയും ചെയ്തു. 

എന്നാല്‍ സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചരണമല്ല സിനിമയുടെ പരാജയത്തിന് കാരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടു ന്നത്. തീരെ കെട്ടുറപ്പില്ലാത്ത തിരക്കഥയുടെയും സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെയും പേരില്‍ ചിത്രം കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്.