അഭ്രപാളിയില്‍ സ്വന്തം നാടും നാട്ടുകാരും മിന്നിമറഞ്ഞപ്പോള്‍ അദ്ഭുതത്തെക്കാള്‍ ഏറെ അഭിമാനമായിരുന്നു വളയത്തുകാരുടെ കണ്ണുകളില്‍. ക്രൗണ്‍ സിനിമയുടെ ബാനറില്‍ പുറത്തിറങ്ങിയ 'ഡിയര്‍ വാപ്പി' എന്ന മലയാളസിനിമയിലൂടെ മലയോരഗ്രാമമായ വളയത്തിന്റെ ഗ്രാമീണസൗന്ദര്യം വെള്ളിത്തിരയിലെത്തിയ ആവേശത്തിലാണ് നാട്ടുകാര്‍.

To advertise here,

ഫെബ്രുവരി 17-ന് റിലീസ് ചെയ്ത സിനിമ ഇതിനോടകം വളയം ദേശത്തെ ഭൂരിഭാഗംപേരും കണ്ടുകഴിഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപശ്ചാത്തലമായ കവലയുടെ സെറ്റൊരുക്കിയത് കല്ലുനിര അങ്ങാടിയിലായിരുന്നു. ടെക്സ്‌റ്റൈല്‍സ്, അക്ഷയകേന്ദ്രം, ടൈലറിങ് ഷോപ്പ്, ചായക്കട തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളുടെ സെറ്റൊരുക്കി ഇവിടെ രണ്ടുമാസത്തോളം ചിത്രീകരണം നടത്തിയിരുന്നു. ചിത്രത്തിലെ പ്രധാനകവലയുടെ പേരും കല്ലുനിര എന്നുതന്നെയാണ്.

വളയം ഗ്രാമപ്പഞ്ചായത്ത് ഓഫീസും മാവുള്ളപറമ്പത്ത് വീടും വളയത്തെ വാഹനങ്ങളുംവരെ ചിത്രത്തിലുണ്ട്. തൊട്ടടുത്ത പ്രദേശമായ ഇരിങ്ങണ്ണൂരും കൂടാതെ, തലശ്ശേരി, പേരാമ്പ്ര എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിലും ചിത്രീകരണം നടന്നു.

ഷാന്‍ തുളസീധരന്‍ സംവിധാനംചെയ്ത ചിത്രത്തിലെ പ്രധാനതാരങ്ങള്‍ ലാല്‍, മണിയന്‍പിള്ള രാജു, അനഘ നാരായണന്‍ എന്നിവരാണ്. കുടുംബശ്രീ അംഗങ്ങള്‍, കുട്ടികള്‍, ഡ്രൈവര്‍മാര്‍, ഷോപ്പ് കീപ്പര്‍മാര്‍ തുടങ്ങി ജനപ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ നേതാക്കളടക്കം അമ്പതോളംവരുന്ന നാട്ടുകാരും സിനിമയില്‍ മുഖംകാണിച്ചിട്ടുണ്ട്. വലിയ ആവേശത്തിലാണ് നാട്ടുകാര്‍ കുടുംബസമേതം കക്കട്ടില്‍ അജന്ത തിയേറ്ററിലെത്തി സിനിമ കണ്ടത്.

ടൈലര്‍ ബഷീറിന്റെയും മകള്‍ അമീറയുടെയും കഥപറയുന്ന 'ഡിയര്‍ വാപ്പി'യുടെ ചിത്രീകരണത്തിന് അകമഴിഞ്ഞ പിന്തുണയാണ് കല്ലുനിരയിലെ നാട്ടുകാര്‍ നല്‍കിയതെന്ന് റിലീസിങ് സമയത്ത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ചിത്രം വിജയമായതോടെ നാട് സ്ഥിരം സിനിമാ ലൊക്കേഷനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.