ബേസിൽ ജോസഫ് സംവിധായകനായി അരങ്ങേറിയ ചിത്രമാണ് 2015-ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണം. ദീപു പ്രദീപ് തിരക്കഥയെഴുതിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. സിനിമയിൽ അജു വർഗീസ് അവതരിപ്പിച്ച കട്ട്പീസ് കുട്ടൻ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ദീപു പ്രദീപ്. കുട്ടൻ എന്ന കഥാപാത്രത്തെ വിവരിക്കുന്ന തന്റെ കൈപ്പടയിലെഴുതിയ ഒരു മാനുസ്ക്രിപ്റ്റിന്റെ ചിത്രവും ദീപു പോസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here,

ഇതിന്റെ ചിത്രം അജു വർഗീസിന് അയച്ചുകൊടുത്തപ്പോൾ അദ്ദേഹം അതിന്റെ കൈപ്പടയിലെഴുതിയ ഒറിജിനൽ പതിപ്പ് ഫ്രെയിം ചെയ്തുവെയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും താനത് സന്തോഷത്തോടെ നൽക്കുന്നുവെന്നും ദീപു പ്രദീപ് പറഞ്ഞു.

ദീപു പ്രദീപിന്റെ കുറിപ്പ് ഇങ്ങനെ:

"കുട്ടൻ, കട്ട് പീസ് കുട്ടൻ. പണ്ട് പത്തിൽ തോറ്റപ്പോൾ നാട് വിട്ടുപോയി ബോംബെയിൽ ചെന്നിട്ട്, ഞാനിനി ഇന്ത്യേക്കില്ല എന്ന് പറഞ്ഞ കുട്ടൻ"

കഥകളുടെ ആദ്യത്തെ വേർഷനുകൾ പണ്ടൊക്കെ പേപ്പറിലാണ് എഴുതിയിരുന്നിരുന്നത്, വരികൾ വേഗത്തിൽ ഒഴുകിവരുമ്പോൾ മോശം കൈയക്ഷരത്തിലാണ് ആദ്യ ഡ്രാഫ്റ്റ് എഴുതാറ്. പിന്നെ നല്ല കയ്യക്ഷരത്തിൽ അടുത്ത വേർഷൻ, ബ്ലോഗിൽ ടൈപ്പ് ചെയ്യുമ്പോൾ ഫൈനൽ. അങ്ങനെ എഴുതി തീർത്തതും പകുതിക്കുവെച്ച് നിർത്തിയതുമായ എല്ലാ കഥകളുടെയും ആദ്യ വരി മുതൽ ഉള്ള കടലാസുകൾ ഞാൻ കളയാതെ സൂക്ഷിച്ചിട്ടുണ്ട്.

ഇന്നലെ വേറൊരു കാര്യം തിരഞ്ഞപ്പോൾ കയ്യിൽ കിട്ടിയതാണ് ഈ പേജ്.

രണ്ടായിരത്തി പന്ത്രണ്ട് നവംബറിലെ ഒരു രാത്രിയിലാണ് ‘കട്ട് പീസ് കുട്ടൻ’ എന്നെ തിരഞ്ഞ് വരുന്നത്. കോളേജ് കഴിഞ്ഞ് ബോംബെയിലേക്ക് പോയ ഒരു കൂട്ടുകാരനും, ടൈലറായ ഒരു നാട്ടുകാരനുമാണ്‌ കട്ട് പീസ് കുട്ടനെ ഷെയ്പ് ചെയ്തത്.

വാട്സാപ്പിൽ അജു ചേട്ടന് ഈ ചിത്രം അയച്ചുകൊടുത്തപ്പോൾ ഉടനെതന്നെ ഫോൺ ചെയ്ത് ഈ മാനു സ്ക്രിപ്റ്റ് തനിക്ക് വേണമെന്ന് പറഞ്ഞു, ഏറെ ഇഷ്ടപ്പെട്ട ആ ക്യാരക്ടറിന്റെ ജനനം ഫ്രെയിം ചെയ്തു സൂക്ഷിക്കാൻ!

പഴ്സിൽ വെക്കാൻ ലാലുവിന് ഫോട്ടോ കൊടുത്ത കട്ട് പീസ് കുട്ടന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ ഈ കഥയുടെ ഒറിജിനൽ മാനുസ്ക്രിപ്റ്റ്.