
കായംകുളം: നാടകത്തിലും സീരിയലിലും കെപിഎസി രാജേന്ദ്രൻ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ചവയായിരുന്നു. കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേപോലെ ഇഷ്ടമുള്ളവ. നാടകസങ്കൽപ്പം ഉയർത്തിപ്പിടിക്കുന്ന അനുഗൃഹീതനായ ഒരു നടനെയും സംഘാടകനെയുമാണ് കെപിഎസിക്കു നഷ്ടമായത്. ഉപ്പുംമുളകും എന്ന സീരിയലിലെ പടവലം കുട്ടൻപിള്ള എന്ന കഥാപാത്രത്തിലൂടെ രാജേന്ദ്രന് ഏറെ ജനപ്രീതി ലഭിച്ചു.
കെപിഎസിയിൽ 43 വർഷമായി സജീവസാന്നിധ്യമായിരുന്നു രാജേന്ദ്രൻ. കെപിഎസിയിലെ പ്രധാന നടനും സംഘാടകനുമായിരുന്നു. തോപ്പിൽ ഭാസിയുടെ വിയോഗത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ നാടകങ്ങൾ കെപിഎസിക്കുവേണ്ടി പുനഃസംവിധാനം ചെയ്യുന്നതിൽ രാജേന്ദ്രൻ നിർണായക പങ്ക് വഹിച്ചിരുന്നു. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ നായക കഥാപാത്രം പരമുനായരായി കാമ്പിശ്ശേരി കരുണാകരനും പി.ജെ. ആന്റണിക്കും ശേഷം രാജേന്ദ്രനാണ് വേഷമിട്ടത്. കെപിഎസി ഏറ്റവും കൂടുതൽ അവതരിപ്പിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിൽ 25 വർഷമായി നായകകഥാപാത്രമായി വേഷമിടുന്നുണ്ട്.
കെപിഎസിയുടെ 30-ഓളം നാടകങ്ങളിൽ രാജേന്ദ്രൻ അഭിനയിച്ചു. നാടക ട്രൂപ്പിന്റെ കൺവീനറായും ദീർഘകാലം പ്രവർത്തിച്ചു. ഇടക്കാലത്ത് സീരിയൽ വേഷങ്ങളിലേക്കു തിരിഞ്ഞപ്പോഴാണ് കെപിഎസിയുടെ പുതിയ നാടകങ്ങളിൽനിന്ന് അദ്ദേഹം വിട്ടുനിന്നത്.
രാജേന്ദ്രൻ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷമാണ് കലാരംഗത്തേക്കു പ്രവേശിച്ചത്. 1983 മുതൽ അദ്ദേഹം കെപിഎസിയിലുണ്ട്. എസ്എൽ പുരം സദാനന്ദന് രചിച്ച്, തോപ്പില്‍ഭാസി സംവിധാനംചെയ്ത സിംഹം ഉറങ്ങുന്ന കാട് എന്ന നാടകത്തിനുവേണ്ടിയാണ് അദ്ദേഹം കെപിഎസിയിൽ എത്തുന്നത്. കഴിഞ്ഞമാസം കേരള സംഗീതനാടക അക്കാദമി കെപിഎസി രാജേന്ദ്രന് ഗുരുപൂജ അവാർഡ് നൽകിയിരുന്നു.
മുണ്ടക്കയം ചിറ്റടിയിൽ ളാഹയിൽ വീട്ടിൽ രാമൻനായരുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനാണ്. വർഷങ്ങളായി കായംകുളത്താണ് താമസിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ചയാണ് അദ്ദേഹം മരിച്ചത്. കെപിഎസി രാജേന്ദ്രന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, ടി.ജെ. ആഞ്ചലോസ്, ബൈജു ചന്ദ്രൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, അഡ്വ. സോളമൻ എന്നിവർ അനുശോചിച്ചു.
Content Highlights: KPAC Rajendran, a veteran theatre and serial actor, passed away
Published: 01 Aug 2025, 07:38 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented