കോക്കേഴ്സ് തിയേറ്റർ
ഫോര്‍ട്ട്കൊച്ചി: നാലുതവണ ദേശീയ പുരസ്കാരങ്ങള്‍ നേടി മലയാള സിനിമയെ രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയ പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ടി.കെ. പരീക്കുട്ടി ഓര്‍മയായിട്ട് 53 വര്‍ഷം. കൊച്ചിയില്‍ പരീക്കുട്ടിയുടെ സ്മാരകമായി അവശേഷിക്കുന്ന ഫോര്‍ട്ട്കൊച്ചിയിലെ കോക്കേഴ്സ് തിയേറ്റര്‍ കാടു കയറി നശിക്കുകയാണ്.
ഇന്ത്യയുടെ സിനിമാ ചരിത്രത്തില്‍ മലയാളത്തിന് ഇടം നേടിക്കൊടുത്ത നീലക്കുയില്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നിര്‍മിച്ച പരീക്കുട്ടിയെ, അധികൃതര്‍ മറന്ന മട്ടാണ്.
മുടിയനായ പുത്രന്, രാരിച്ചന്‍ എന്ന പൗരന്, മൂടുപടം, തച്ചോളി ഒതേനന്, ഭാര്‍ഗവീനിലയം, കുഞ്ഞാലി മരയ്ക്കാര്‍, ആല്‍മരം, നാടോടികള്‍ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു. ഇതില്‍ നാല് ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു.
അദ്ദേഹം ചലച്ചിത്ര ലോകത്ത് തിളങ്ങിനിന്ന കാലത്താണ് ഫോര്‍ട്ട്കൊച്ചിയില്‍ കേരളത്തിലെ ആദ്യത്തെ 70 എം.എം. തിയേറ്റര്‍ നിര്‍മിച്ചത്. അന്നത്തെ നഗരസഭയില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിലാണ് അദ്ദേഹം തിയേറ്റര്‍ നിര്‍മിച്ചത്.
.jpg?$p=d83648f&w=610&q=0.8)
വിദേശ ചിത്രങ്ങള്‍ കൂടി മലയാളികള്‍ക്ക് കാണുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ആധുനിക രീതിയില്‍ തിയേറ്റര്‍ നിര്‍മിച്ചത്. മലയാളത്തിലെ സിനിമാ ആസ്വാദകര്‍ക്ക് പരീക്കുട്ടിയുടെ സംഭാവനയായിരുന്നു
ഈ തിയേറ്റര്‍. ഒരുപാട് വിദേശ ചലച്ചിത്രങ്ങള്‍ ഈ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആസ്വാദകര്‍ ചിത്രങ്ങള്‍ കാണാന്‍ കൊച്ചിയില്‍ വന്നു. പരീക്കുട്ടിയുടെ മരണ ശേഷം തിയേറ്റര്‍ കൈമാറ്റം ചെയ്യപ്പെട്ടു.
കൊച്ചി നഗരസഭയുടെ ഭൂമിയിലാണ് തിയേറ്റര്‍ നിലനിന്നതെങ്കിലും സ്വകാര്യ വ്യക്തികളാണ് തിയേറ്റര്‍ നടത്തിയത്. പിന്നീട് തിയേറ്റര്‍ ഒഴിപ്പിക്കാന്‍ കൊച്ചി നഗരസഭാ നടപടികള്‍ തുടങ്ങി.
നിയമപ്രശ്നമായി. ദീര്‍ഘകാലം നിയമ പോരാട്ടം നടന്നു. ഒടുവില്‍ തിയേറ്റര്‍ നഗരസഭയ്ക്ക് നല്കാന് കോടതി വിധിയുണ്ടായി.
2018-ല്‍ തിയേറ്റര്‍ കൊച്ചി നഗരസഭ ഏറ്റെടുത്തു. അതോടെ സിനിമാ പ്രദര്‍ശനം നിലച്ചു. അവിടെയുണ്ടായിരുന്ന ജീവനക്കാരെ പറഞ്ഞുവിട്ടു. തിയേറ്റര്‍ പൂട്ടി സീല്‍ െവച്ചു. വര്‍ഷം നാല് കഴിയുന്നു. പിന്നീട് ഈ വഴിക്ക് ആരും വന്നിട്ടില്ല.
ചരിത്രം സൃഷ്ടിച്ച തിയേറ്ററാണിത്. ഒരുകാലത്ത് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന കൊട്ടക. തിയേറ്റര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക പ്രസ്ഥാനങ്ങളും നിരവധി സമരങ്ങള്‍ നടത്തി.
അധികാരത്തിലിരിക്കുന്നവരും പ്രതിപക്ഷത്തിരുന്നവരുമൊക്കെ സമരം നടത്തി. പക്ഷേ, തിയേറ്റര്‍ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുന്നില്ല.
1969 ജൂലായ് 21-നാണ് പരീക്കുട്ടി ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ഓര്മ ദിനമാണ് വ്യാഴാഴ്ച. പരീക്കുട്ടിയുടെ ഓര്‍മയായി അവശേഷിക്കുന്ന കോക്കേഴ്സ് തിയേറ്റര്‍ ഇപ്പോഴും അനാഥാവസ്ഥയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..