കിരണ്‍ അബ്ബാവരം നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബര്‍ 22 ന്.  ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ചിത്രത്തിന്റെ മലയാളം ട്രെയ്ലര്‍ തിങ്കളാഴ്ച റിലീസ് ചെയ്യും. പിരീഡ് ആക്ഷന്‍ മിസ്റ്ററി ത്രില്ലറായൊരുക്കിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ്. ശ്രീ ചക്രാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദീപാവലി റിലീസായി എത്തിയ ചിത്രം തെലുങ്കില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ 40 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ടിക്കറ്റ്  ബുക്കിംഗ് ഉടനെ ആരംഭിക്കും.

To advertise here,

കൃഷ്ണഗിരി എന്ന ഗ്രാമത്തില്‍ നടക്കുന്ന ദുരൂഹമായ സംഭവവികാസങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തില്‍ പ്രണയവും ഡ്രാമയും ആക്ഷനും സസ്പെന്‍സും ഹിപ്‌നോട്ടിസത്തിന്റെ ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അഭിനയ വാസുദേവ് എന്ന പോസ്റ്റ്മാൻ ആയാണ് കിരണ്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന കിരണ്‍ അബ്ബാവരത്തിന്റെ വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തന്‍വി റാം, നയനി സരിക എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. രാധ എന്നാണ് തന്‍വിയുടെ കഥാപാത്രത്തിന്റെ പേര്. 

മീറ്റര്‍, റൂള്‍സ് രഞ്ജന്‍, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കില്‍ പ്രശസ്തനായ താരമാണ് കിരണ്‍ അബ്ബാവരം. തെലുങ്ക് കൂടാതെ  തമിഴ്, കന്നഡ ഭാഷകളിലും ഒരുക്കിയ  'ക' യുടെ മലയാളം പതിപ്പാണ് ദുല്‍ഖര്‍ സല്‍മാന്റെ  വേഫെറര്‍ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. ഛായാഗ്രഹണം - വിശ്വാസ് ഡാനിയല്‍, സതീഷ് റെഡ്ഡി മാസം, സംഗീതം - സാം സി എസ്, എഡിറ്റിംഗ് - ശ്രീ വര പ്രസാദ്, കലാ സംവിധാനം - സുധീര്‍ മചാര്‍ല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷന്‍- റിയല്‍ സതീഷ്, റാം കൃഷ്ണന്‍, ഉയ്യാല ശങ്കര്‍,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ചൗഹാന്‍, ലൈന്‍ പ്രൊഡക്ഷന്‍ - ഗഅ പ്രൊഡക്ഷന്‍, സിഇഒ - രഹസ്യ ഗോരക്, പിആര്‍ഒ - ശബരി.