
ടാൻസാനിയക്കാരൻ കിലി പോൾ മലയാളികൾക്ക് സ്വന്തം ഉണ്ണിയേട്ടനാണ്. മലയാളം ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും നൃത്തംചെയ്തുമെല്ലാം സോഷ്യൽ മീഡിയാ റീലുകളിലൂടെ സുപരിചിതനായ കിലി പോൾ മലയാള സിനിമയിലേക്കും എത്തുന്നു. ഇന്നസെന്റ് എന്ന സിനിമയിലൂടെയാണ് കിലി പോൾ മലയാളത്തിൽ അരങ്ങേറുന്നത്. ഇതിനുപിന്നാലെ കിലി പോളിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന മസായി വാറിയർ എന്ന സിനിമയിലും അഭിനയിക്കും. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന മസായി വാറിയറിന്റെ പോസ്റ്റർ പുറത്തിറങ്ങി. സതീഷ് തൻവിയാണ് രണ്ടു സിനിമകളും സംവിധാനംചെയ്യുന്നത്.
മലയാളത്തിനുപുറമേ മസായി, ഇംഗ്ലീഷ്, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ജർമൻ, അറബിക്, ഉസ്‌ബെക്കിസ്താൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25-ലധികം ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. മാറ്റിനി പ്രൈം പ്രൊഡക്‌ഷൻസ്, തിയേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളിൽ പ്രിയദർശിനി പി.എം., നജുമുദീൻ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമിക്കുന്നത്. നിഖിൽ എസ്. പ്രവീൺ ആണ് ഛായാഗ്രഹണം. പി.വി. ഷാജികുമാർ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നു.
കഴിഞ്ഞദിവസം തന്റെ ആദ്യ മലയാള സിനിമയായ ഇന്നസെന്റിന്റെ ടൈറ്റിൽ ലോഞ്ചിന് കൊച്ചി ലുലുമാളിലെത്തിയ കിലി പോളിന് വൻ സ്വീകരണമാണ് മലയാളി പ്രേക്ഷകർ നൽകിയത്. മലയാളികളുടെ സ്നേഹത്തിന് നന്ദിയറിയിച്ച കിലി പോൾ തനിക്ക് മലയാളി പെൺകുട്ടിയെ വിവാഹം ചെയ്ത് കേരളത്തിൽ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹവും വെളിപ്പെടുത്തി. കൈയടികളോടെയാണ് കിലി പോളിന്റെ ഈ പ്രഖ്യാപനത്തെ പ്രേക്ഷകർ സ്വീകരിച്ചത്. മലയാള സിനിമയിലെ തന്റെ ഇഷ്ട അഭിനേതാക്കളെക്കുറിച്ചും കിലി പോൾ ചടങ്ങിൽ സംസാരിച്ചു. ‘‘മലയാളത്തിൽ ഇഷ്ടനടി ശോഭനയാണ്. നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ എന്നിവരെയാണ് ഇഷ്ടം’’ -കിലി പോൾ പറഞ്ഞു. പുലിവാൽ കല്യാണത്തിലെ ‘ആരു പറഞ്ഞു, ആരുപറഞ്ഞു...’ എന്ന ഗാനവും പ്രേക്ഷകരുടെ അഭ്യർഥനമാനിച്ച് കിലി പോൾ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ ആലപിച്ചു.
മലയാളത്തിലെ ട്രെൻഡ് ഗാനങ്ങൾ പഠിച്ച് മികച്ചരീതിയിൽ ലിപ് സിങ്ക് ചെയ്ത് റീൽസ് വീഡിയോകൾ പോസ്റ്റുചെയ്താണ് കിലി പോൾ ഇൻസ്റ്റയിൽ വൈറൽ താരമായത്. കാഴ്ചക്കാരിലേറെയും മലയാളികളായതോടെ കൂടുതൽ വീഡിയോകളും മലയാളം പാട്ടുകൾക്കുവേണ്ടി മാറ്റിവെക്കാനും കിലി പോൾ ശ്രദ്ധിച്ചിരുന്നു. ടാൻസാനിയക്കാരനായ കിലി പോൾ മലയാളത്തിനോട് കാണിക്കുന്ന അതിരില്ലാത്ത സ്നേഹം തിരിച്ചറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന് ‘ഉണ്ണിയേട്ടൻ’ എന്ന പേര് മലയാളികൾ സമ്മാനിച്ചത്. ഈ പേരിനോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ട് ഇപ്പോൾ പോസ്റ്റ് ചെയ്യുന്ന മലയാള വീഡിയോകളുടെ അടിക്കുറിപ്പിൽ ‘ഉണ്ണിയേട്ടൻ’ എന്ന് കിലി എഴുതാറുണ്ട്.
നാലുദിവസംവരെ എടുത്താണ് കിലി പോൾ മലയാളം ഗാനങ്ങളുടെ വരികളും ഉച്ചാരണവുമെല്ലാം പഠിക്കുന്നത്. ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് വാക്കുകളുടെ അർഥം മനസ്സിലാക്കുന്നത്. ഈ കൃത്യമായ ഗൃഹപാഠംകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ലിപ് സിങ്ക് വീഡിയോകൾ കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കുന്നത്. കേരളത്തിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് കിലി ഇൻസ്റ്റയിൽ സൂചന നൽകിയപ്പോൾത്തന്നെ അദ്ദേഹത്തെ പിന്തുടരുന്നവർ ആവേശത്തിലായിരുന്നു. ആ ആവേശംതന്നെയാണ് മഴയെപ്പോലും വകവെക്കാതെ ടൈറ്റിൽ ലോഞ്ച് ചടങ്ങിലേക്ക് ജനക്കൂട്ടത്തെ ഒഴുകിയെത്തിച്ചത്. പാട്ടുപാടിയും ഡാൻസ് ചെയ്തും തന്നെ ഇഷ്ടപ്പെടുന്നവരെ ആവേശത്തിലാക്കാനും ചടങ്ങിൽ കിലിക്ക് സാധിച്ചു.
മന്ദാകിനി എന്ന ചിത്രത്തിനുശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഇന്നസെന്റ്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചടങ്ങിൽ പുറത്തിറക്കി. എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി. നിർമിക്കുന്നു. എലമെന്റ്‌സ് ഓഫ് സിനിമയുടെ ആദ്യ നിർമാണസംരംഭംകൂടിയാണ് ഈ ചിത്രം. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
Content Highlights: Tanzanian Actor Kili Paul's Malayalam Film Debut: From Viral Reels to "Innocent"
Published: 01 Jun 2025, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented